നാട്ടിലേക്ക് മടങ്ങി ‘ജോസ് ഭായ്’, കപ്പുമായി വന്നു കാണൂ എന്ന് ബട്ലർ; സഞ്ജു ഓപ്പണറാകും?
Mail This Article
ന്യൂഡൽഹി ∙ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലർ (രാജസ്ഥാൻ റോയൽസ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ് കിങ്സ്), വിൽ ജാക്സ്, റീസ് ടോപ്‌ലി (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), എന്നിവർ ഐപിഎലിൽനിന്ന് വിടുതൽ നേടി നാട്ടിലേക്കു മടങ്ങി. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി അടുത്തയാഴ്ച പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ട്വന്റി20 പരമ്പര കളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരങ്ങളെ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് തിരിച്ചുവിളിച്ചത്. 22നാണ് പരമ്പരയ്ക്കു തുടക്കം. ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്.
മൊയീൻ അലി (ചെന്നൈ), ജോണി ബെയർസ്റ്റോ (പഞ്ചാബ്), സാം കറൻ (പഞ്ചാബ്), ഫിൽ സോൾട്ട് (കൊൽക്കത്ത) എന്നിവരും ഈയാഴ്ച തന്നെ ഇന്ത്യ വിടും. താരങ്ങൾ പോയ ടീമുകളിൽ പഞ്ചാബ്, കൊൽക്കത്ത ഒഴികെയുള്ളവയ്ക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജസ്ഥാൻ, പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റതിനാൽ ബട്‌ലറുടെ മടക്കം വൻ നഷ്ടമാണ്. സീസണിൽ 11 മത്സങ്ങളിൽനിന്ന് രണ്ടു സെഞ്ചറിയടക്കം 359 റൺസാണ് താരം നേടിയത്.
മികച്ച ഫോമിലുള്ള ബട്‍ലർ മടങ്ങിയതിനാൽ ഓപ്പണറായി മറ്റൊരു ബാറ്ററെ രാജസ്ഥാനു പരീക്ഷിക്കേണ്ടിവരും. അങ്ങനെയെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. മുൻപ് രാജസ്ഥാൻ റോയൽസിനു വേണ്ടി ഓപ്പണറായി സഞ്ജു കളിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താലും നിലവിലെ ബാറ്റിങ് ക്രമം രാജസ്ഥാനു പൊളിച്ചുപണിയേണ്ടിവരും.
സമൂഹമാധ്യ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വിഡിയോയിലൂടെ ബട്‌ലർക്ക് വൈകാരികമായ യാത്രയയപ്പാണ് രാജസ്ഥാൻ നൽകിയത്. ‘‘ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും, ജോസ് ഭായ്!’’ എന്നാണ് വിഡിയോയ്‌ക്കൊപ്പ രാജസ്ഥാൻ റോയൽസ് കുറിച്ചത്. ‘‘ട്രോഫിയുമായി എന്നെ വന്നു കാണുക’’ എന്ന് ടാക്‌സിയിൽ കയറുന്നതിനിടെ ബട്‌ലർ പറയുന്നത് വിഡിയോയിൽ കാണാം.