കളത്തിലിറക്കാൻ ഓസീസിന് കളിക്കാരില്ല; സന്നാഹ മത്സരത്തിൽ ചീഫ് സിലക്ടറും മുഖ്യപരിശീലകനും കളത്തിൽ
Mail This Article
ട്രിനിഡാഡ്∙ നമീബിയയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ താരങ്ങളെ തികയാതെ വന്നതോടെ ചീഫ് സിലക്ടറും മുഖ്യ പരിശീലകനും ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ചീഫ് സിലക്ടർ ജോർജ് ബെയ്‌ലി, മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്, ഫീൽഡിങ് പരിശീലകൻ ആൻന്ദ്രെ ബോറോവെക്, ബാറ്റിങ് പരിശീലകൻ ബ്രാഡ് ഹോഡ്ജ് എന്നിവരാണ് ഓസീസിനായി കളിക്കാരായി കളത്തിലിറങ്ങിയത്. ഇവരിൽ 41കാരനായ ബെയ്‍ലി, 46കാരനായ ബോറോവെക് എന്നിവർ ഓസീസ് ടീം ഫീൽഡ് ചെയ്ത സമയമത്രെയും കളത്തിലുണ്ടായിരുന്നു.
മത്സരത്തിൽ ഓസ്ട്രേലിയ ഏഴു വിക്കറ്റ് വിജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 119 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ വെറും 10 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധസെഞ്ചറി നേടിയ ഓപ്പണർ ഡേവിഡ് വാർണറാണ് അവരുടെ ടോപ് സ്കോറർ. വാർണർ 21 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 54 റൺസെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദം സാംപ, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹെയ്സൽവുഡ് എന്നിവർ ബോളിങ്ങിലും തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ ഒരു ഘട്ടത്തിൽ ആറിന് 50 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, ഓസീസിന് അവരെ ഓൾഔട്ടാക്കാനായില്ല. സെയ്ൻ ഗ്രീൻ, മലാൻ ക്രൂഗർ, ഡേവിഡ് വീസ് എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് അവർ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തത്.
ഐപിഎൽ തിരക്കിലായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനിവാര്യമായതോടെയാണ് കോച്ചിങ് സ്റ്റാഫിലെ ‘താരങ്ങളു’മായി കളത്തിലിറങ്ങാൻ ഓസീസ് നിർബന്ധിതരായത്. ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ തുടങ്ങിയ താരങ്ങളെല്ലാം ഐപിഎലിനു ശേഷം വിശ്രമത്തിലാണ്.