‘ലോകകപ്പ് ടീമിലെത്താൻ ഒരു സാധ്യതയും കണ്ടില്ല; ഫോൺ പൂർണമായും മാറ്റിവച്ചു, 2-3 മാസമായി അത് ഓഫാണ്’– വിഡിയോ
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. ഐപിഎലിനു പിന്നാലെ സ്റ്റാർ സ്പോർട്സുമായി സംസാരിക്കുമ്പോഴാണ്, ലോകകപ്പ് ടീമിലേക്കുള്ള വിളി എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് സഞ്ജു വിശദീകരിച്ചത്. ഐപിഎൽ തുടങ്ങുന്ന സമയത്ത് ലോകകപ്പ് ടീമിലേക്ക് സാധ്യതയുള്ള താരങ്ങളുടെ ഏഴയലത്തു പോലും താനുണ്ടായിരുന്നില്ലെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. ഐപിഎലിൽ എന്തെങ്കിലും കാര്യമായി ചെയ്തില്ലെങ്കിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ 2–3 മാസത്തേക്ക് ഫോൺ പോലും പൂർണമായും ഉപേക്ഷിച്ച് ക്രിക്കറ്റ് മാത്രം മനസ്സിൽ വച്ചാണ് തയാറെപ്പുകൾ നടത്തിയതെന്നും സഞ്ജു വെളിപ്പെടുത്തി.
‘‘ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ച് വളരെ വൈകാരികമായ ഒന്നായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ലോകകപ്പ് ടീമിലേക്ക് സാധ്യതയുള്ളവരുടെ ഏഴയലത്ത് ഞാനില്ലെന്ന് ഉറപ്പായിരുന്നു. ഈ ഐപിഎലിൽ എന്തെങ്കിലും കാര്യമായി ചെയ്താൽ മാത്രമേ ലോകകപ്പ് ടീമിൽ ഇടം കിട്ടാൻ സാധ്യതയുള്ളൂവെന്നും ഞാൻ മനസ്സിലാക്കി.
‘‘അങ്ങനെയാണ് ഫോൺ പൂർണമായും മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചത്. ഫോണുമായുള്ള ബന്ധം ഏറെക്കുറെ പൂർണമായിത്തന്നെ ഞാൻ വിച്ഛേദിച്ചു. കഴിഞ്ഞ 2–3 മാസമായി എന്റെ ഫോൺ ഓഫാണ്. ക്രിക്കറ്റിൽ എല്ലാ ശ്രദ്ധയും പതിപ്പിക്കാനായിരുന്നു ശ്രമം. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയം ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്തു. അങ്ങനെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാമെന്ന് കണക്കുകൂട്ടി. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി20 ടീമിലേക്ക്, അതും ലോകകപ്പിനായുള്ള ടീമിലേക്ക് പരിഗണിക്കപ്പെട്ടത് വലിയൊരു നേട്ടം തന്നെയാണെന്നു കരുതുന്നു.’’ – സ്റ്റാർ സ്പോർട്സ് പങ്കുവച്ച വിഡിയോയിൽ സഞ്ജു വെളിപ്പെടുത്തി.
‘‘എനിക്കിത് സാധിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. ആത്മവിശ്വാസമുണ്ടായിരിക്കുക, മാറ്റങ്ങൾ സാധ്യമാണെന്ന് വിശ്വസിക്കുക, സ്വന്തം പ്രതിഭയോടു നീതി പുലർത്താനാകുമെന്ന് ഉറപ്പിക്കുക, ലോകകപ്പ് പോലുള്ള സുപ്രധാന വേദിയിൽ സ്വന്തം രാജ്യത്തിനു ഗുണകരമായ കാര്യങ്ങൾ ചെയ്യാനാകുമെന്ന് വിശ്വസിക്കുക... ഇതൊക്കെയാണ് പ്രധാനം. എന്തായാലും ഞാൻ എല്ലാ വെല്ലുവിളികളും നേരിടാൻ തയാറാണ്. ഈ ലോകകപ്പിൽ ടീമിനായി കാര്യമായിത്തന്നെ സംഭാവനകൾ നൽകാനാകുമെന്ന് വിശ്വസിക്കുന്നു.
‘‘ടീം പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ ഒരു ടീം മീറ്റിങ്ങിലായിരുന്നു. ടീമിലേക്ക് എന്നെ തിരഞ്ഞെടുത്ത വിവരം അറിഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷം രാജസ്ഥാൻ റോയൽസിനെ സഹതാരങ്ങൾക്കായിരുന്നു. അവർക്കൊപ്പം തന്നെ ആ നേട്ടം ഞാൻ ആഘോഷിച്ചു. പിറ്റേന്നു തിരുവനന്തപുരത്തു പോയി എന്റെ ഭാര്യ ചാരുവിനെ കണ്ടു. അവിടെ ഏതാനും ദിവസം ചെലവഴിച്ചു. അവൾക്കൊപ്പം കുടുംബാംഗങ്ങളെ സന്ദർശിച്ചു. പള്ളിയിൽ പോയി. ജീവിതത്തിലെ വളരെ സ്പെഷലായ ദിനങ്ങളായിരുന്നു അത്’’ – സഞ്ജു പറഞ്ഞു.