ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി മുൻ ഇന്ത്യൻ താരവും ഐപിഎൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററുമായ ഗൗതം ഗംഭീർ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, മഹേന്ദ്രസിങ് ധോണിയെ പരിഗണിക്കണമെന്ന ആവശ്യവുമായി ദ്രോണാചാര്യ പുരസ്കാര ജേതാവ്. സൂപ്പർതാരം വിരാട് കോലിയുടെ ബാല്യകാല പരിശീലകൻ കൂടിയായ രാജ്കുമാർ ശർമയാണ്, ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ധോണിയുടെ പേര് നിർദ്ദേശിച്ച് രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഏറ്റവും മികച്ച ഓപ്ഷൻ ധോണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പരിശീലകനാകുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ഐപിഎൽ സമാപിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പരിശീലക ജോലിക്കായി സമീപിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, ദ്രാവിഡിന്റെ പിൻഗാമി ഇന്ത്യക്കാരൻ തന്നെയായിരിക്കുമെന്ന സൂചനകളാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്നത്. അതിൽത്തന്നെ, ഗൗതം ഗംഭീറിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം.

ഇതിനിടെയാണ്, ധോണിയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി കോലിയുടെ ബാല്യകാല പരിശീലകൻ രംഗത്തെത്തിയത്.

‘‘ആരൊക്കെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത് എന്നത് കൗതുകകരമായ ചോദ്യമാണ്. ആരു പരിശീലകനായാലും അത് ഒരു ഇന്ത്യക്കാരനാകണമെന്നാണ് എന്റെ ആഗ്രഹം. ധോണി വിരമിച്ചാൽ അദ്ദേഹം തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും നല്ലൊരു ഓപ്ഷൻ. ഒട്ടേറെ മത്സരങ്ങളുടെ പരിചയസമ്പത്തുണ്ടെന്നു മാത്രമല്ല, വലിയ ടൂർണമെന്റുകൾ വിജയിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി’’ – രാജ്കുമാർ ശർമ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.

‘‘ഡ്രസിങ് റൂമിൽ ഏറ്റവും ബഹുമാനം ലഭിക്കുന്ന കോച്ചായിരിക്കും ധോണി. അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായകനാകുന്ന സമയത്ത് ടീമിലുണ്ടായിരുന്നവർ ചില്ലറക്കാരല്ല. സച്ചിൻ തെൻ‍ഡുൽക്കർ, വീരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിങ്, അനിൽ കുംബ്ലെ, ഗൗതം ഗംഭീർ, യുവരാജ് സിങ് തുടങ്ങിയ സൂപ്പർതാരങ്ങളെ വളരെ വിദഗ്ധമായാണ് അന്നു ധോണി കൈകാര്യം ചെയ്തത്.’’– ശർമ ചൂണ്ടിക്കാട്ടി.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് നേരത്തേതന്നെ വിരമിച്ചെങ്കിലും, ധോണി ഇനിയും ഐപിഎലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, കഴിഞ്ഞ സീസണിൽ ധോണിക്കു കീഴിലാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ കിരീടം ചൂടിയത്. അടുത്ത സീസണിലും ധോണി ചെന്നൈ ജഴ്സിയിൽ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയരുന്നത്.

English Summary:

Gautam Gambhir to Succeed Rahul Dravid? Rajkumar Sharma's Surprising Endorsement for MS Dhoni as Indian Cricket Coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com