എന്തുകൊണ്ടാണ് താങ്കൾക്കിട്ട് ഇത്രയും സിക്സ് അടിക്കുന്നത്?: പാക്ക് താരത്തോട് ആരാധിക– വിഡിയോ
Mail This Article
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷതബ് ഖാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ, അദ്ദേഹത്തിന്റെ ഫോമുമായി ബന്ധപ്പെട്ട് ആരാധിക ചോദ്യം ഉന്നയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘എന്തുകൊണ്ടാണ് താങ്കൾക്കെതിരെ ബാറ്റർമാർ ഇത്രയും സിക്സർ നേടുന്നത്’ എന്നതായിരുന്നു ആരാധികയുടെ ചോദ്യം. എത്രയും വേഗം ഫോം വീണ്ടെടുക്കണമെന്ന അഭ്യർഥനയും പിന്നാലെയുണ്ട്. അതേസമയം, ഷതബ് ഖാൻ ചോദ്യത്തോട് പ്രതികരിച്ചില്ലെന്ന് വിഡിയോ വ്യക്തമാക്കുന്നു.
ഷതബ് ഖാനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനായി ആരാധകർ കാത്തുനിൽക്കുന്ന സമയത്താണ് ഈ ആരാധികയും എത്തുന്നത്. അദ്ദേഹത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ്, ആരാധിക ഈ ചോദ്യം ഉന്നയിച്ചത്.
‘‘എന്തുകൊണ്ടാണ് താങ്കൾക്കെതിരെ ഇത്രയും സിക്സറുകൾ അടിക്കുന്നത്? എത്രയും വേഗം ഫോം വീണ്ടെടുക്കൂ. താങ്കൾ കൂടുതൽ വിക്കറ്റുകൾ എടുക്കണം’’ – ഇതായിരുന്നു ആരാധികയുടെ കമന്റ്.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇരുപത്തഞ്ചുകാരനായ ഷതബ് ഖാൻ ഇടംപിടിച്ചിരുന്നു. പാക്കിസ്ഥാനായി ഇതുവരെ ആറു ടെസ്റ്റുകളും 70 ഏകദിനങ്ങളും 99 ട്വന്റി മത്സരങ്ങളും ഷതബ് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 14 വിക്കറ്റും ഏകദിനത്തിൽ 85 വിക്കറ്റും ട്വന്റി20യിൽ 107 വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റിൽ 300, ഏകദിനത്തിൽ 855, ട്വന്റി20യിൽ 635 റൺസും നേടിയിട്ടുണ്ട്.