റെയ്‌നയോട് സംസാരിച്ചെന്ന് അഫ്രീദി; ‘പരിഹാസ പോസ്റ്റ്’ ഡിലീറ്റാക്കി താരം: ഒടുവിൽ മഞ്ഞുരുക്കം
Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെക്കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. അഫ്രീദി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയ്നുമായി താൻ സംസാരിച്ചെന്നും ഇതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തതായും അഫ്രീദി പറഞ്ഞു. ട്വന്റി20 ലോകകപ്പിന്റെ അംബാസഡറായി അഫ്രീദിയെ പ്രഖ്യാപിച്ചതിനു ശേഷം, താരത്തെ പരിഹസിച്ച് റെയ്ന എക്സിൽ ട്വീറ്റ് പങ്കുവച്ചിരുന്നു.
“ഞാൻ ഐസിസി അംബാസഡറല്ല, പക്ഷേ 2011 ലോകകപ്പ് എന്റെ വീട്ടിൽ ഉണ്ട്. മൊഹാലിയിലെ മത്സരം ഓർമയുണ്ടോ? ഇത് നിങ്ങൾക്ക് അവിസ്മരണീയമായ ചില ഓർമകൾ തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.’’– ഇങ്ങനെയായിരുന്നു റെയ്നയുടെ പോസ്റ്റ്. എസ്കിൽ വന്ന മറ്റൊരു പോസ്റ്റിനു മറുപടിയായിട്ടായിരുന്നു റെയ്നയുടെ ഈ പരിഹാസം. ‘‘ഷാഹിദ് അഫ്രീദിയെ 2024 ഐസിസി ടി20 ലോകകപ്പിന്റെ അംബാസഡറായി തിരഞ്ഞെടുത്തു. ഹലോ സുരേഷ് റെയ്‌ന.’’– ഇങ്ങനെയായിരുന്നു പോസ്റ്റ്.
ഈ വർഷം ഐപിഎലിനിടെയാണ് റെയ്ന– അഫ്രീദി ‘പോര്’ ആരംഭിക്കുന്നത്. ആകാശ് ചോപ്രയുടെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ അഫ്രീദിയെ റെയ്ന പരിഹസിച്ചിരുന്നു. .വിരമിക്കൽ തീരുമാനം മാറ്റാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് റെയ്‌നയോട് ചോപ്ര ചോദിച്ചതിന് തമാശയായി താരം മറുപടി നൽകിയത് ഇങ്ങനെയാണ്– ‘‘ഞാൻ സുരേഷ് റെയ്‌നയാണ്, ഷാഹിദ് അഫ്രീദിയല്ല.’’ പലതവണ വിരമിക്കൽ തീരുമാനം മാറ്റിയ അഫ്രീദിയെ ‘കുത്തി’യുള്ള ഈ മറുപടിയുടെ ബാക്കിയാണ് തുടർ സംഭവവികാസങ്ങൾ.
കഴിഞ്ഞദിവസം തന്റെ യുട്യൂബ് ചാനലിലൂടെയാണ് റെയ്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത കാര്യം പാക്ക് താരം വെളിപ്പെടുത്തിയത്. റെയ്നയുമായി താൻ സംസാരിച്ചെന്നും ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നും അഫ്രീദി പറഞ്ഞു. ‘‘ഞാനും സുരേഷ് റെയ്‌നയും നിരവധി ക്രിക്കറ്റ് നിമിഷങ്ങൾ ഒരുമിച്ച് പങ്കിട്ടിട്ടുണ്ട്, അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. ചിലപ്പോൾ, നിസ്സാരമായ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. സമൂഹമാധ്യമത്തിലെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടപ്പോൾ, ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഒരു അനുജനെപ്പോലെ അദ്ദേഹം സാഹചര്യം മനസ്സിലാക്കി. ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ അദ്ദേഹം സമ്മതിച്ചു. എല്ലാം നല്ലരീതിയിൽ പോകുന്നു. മഹത്തായ വ്യക്തികൾ അവരുടെ തെറ്റുകൾ അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്നു.’’– താരം കൂട്ടിച്ചേർത്തു.