ബാബറും അഫ്രീദിയും പരസ്പരം ‘മൈൻഡ്’ ചെയ്യാറില്ലേ? അക്രത്തിന്റെ ആരോപണത്തിന് കോച്ചിന്റെ മറുപടി
Mail This Article
ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ആഭ്യന്തര കലാപത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പലതാണ്. ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽനിന്ന് ടീം ഏറെക്കുറെ പുറത്തായ സാഹചര്യത്തിൽ ഉൾപ്പോര് മൂർധന്യത്തിലാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ക്യാപ്റ്റൻ ബാബർ അസമും പേസ് ബോളർ ഷഹീൻ അഫ്രീദിയും തമ്മിലാണ് അഭിപ്രായവ്യത്യാസം. ഇരുവരും തമ്മിൾ പരസ്പരം സംസാരിക്കാറില്ലെന്നു പോലും ടീമുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.
ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് ഷഹീൻ അഫ്രീദിക്കു പകരം ബാബർ അസമിനെ വീണ്ടും ടീമിന്റെ ക്യാപ്റ്റനാക്കിയത്. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ യുഎസിനോടും ഇന്ത്യയോടും തോൽക്കാനായിരുന്നു അവരുടെ വിധി. ഇതോടെ വസീം അക്രം ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ടീമിലെ അസ്വാരസ്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു.
എന്നാൽ, അത്തരം ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദ്. ‘‘വസീം അക്രം അതു പറഞ്ഞിരിക്കാം, പക്ഷേ എനിക്കറിയില്ല. ഞാൻ അതു കണ്ടില്ല. ഷഹീനും ബാബറും പരസ്പരം സംസാരിക്കുന്നുണ്ട്. അവർ നല്ല സുഹൃത്തുക്കളാണ്. ഇരുവരും പാക്കിസ്ഥാൻ ടീമിന്റെ ഭാഗമാണ്.’’– മഹമൂദ് പറഞ്ഞു.
കാനഡയ്‌ക്കെതിരായ ഗ്രൂപ്പ് എ പോരാട്ടത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം. ടൂർണമെന്റിൽ ഇതുവരെ ടീമിന്റെ കഴിവിനനുസരിച്ച് പ്രകടനം നടത്തിയിട്ടില്ലെന്ന വസ്തുത അംഗീകരിച്ച മഹമൂദ്, പ്രകടനങ്ങളുടെ ഉത്തരവാദിത്തം ടീം മാനേജ്‌മെന്റെ ഏറ്റെടുക്കുമെന്നും പറഞ്ഞു. ‘‘ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് നിങ്ങൾ ചോദിച്ചാൽ - ടീം മാനേജ്‌മെന്റ് എന്ന നിലയിൽ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നു. മറ്റാരും കാരണമല്ല തോറ്റത്, അതു ഞങ്ങളുടെ തെറ്റാണ്.’’– അസ്ഹർ മഹ്മൂദ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ തോൽവിക്ക് ശേഷം പാക്കിസ്ഥാൻ ടീമിനെ അക്രം രൂക്ഷമായി വിമർശിച്ചിരുന്നു. “പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഇത് രാജ്യാന്തര ക്രിക്കറ്റാണ്, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടിൽ ഇരുത്തൂ.’’– അക്രം പറഞ്ഞു.