വിജയലക്ഷ്യം 30 പന്തിൽ 35 റൺസ്, പിന്നാലെ ഇന്ത്യയ്ക്ക് 5 റൺസ് സൗജന്യമായി കിട്ടി; കാരണം ഇതാണ്
Mail This Article
ന്യൂയോർക്ക്∙ വിജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ്ങിലെ പിഴവുകൾ തുറന്നു കാണിക്കുന്നതായിരുന്നു യുഎസിനെതിരായ ട്വന്റി20 ലോകകപ്പ് മത്സരം. ഗോൾഡൻ ഡക്കായി വിരാട് കോലിയും (0) തൊട്ടുപിന്നാലെ രോഹിത് ശർമയും (3) പുറത്തായ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാർ യാദവിന്റെയും (49 പന്തിൽ 50 നോട്ടൗട്ട്) ശിവം ദുബെയുടെയും (35 പന്തിൽ 31 നോട്ടൗട്ട്) ചെറുത്തുനിൽപ്പാണ്. ആദ്യം ബാറ്റു ചെയ്ത യുഎസിനെ ഇന്ത്യൻ പേസർമാർ 110 റൺസിൽ ഒതുക്കിയെങ്കിലും ചെറിയ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് 19–ാം ഓവർ വരെ വിയർപ്പൊഴുക്കേണ്ടിവന്നു
ക്യാച്ചുകൾ കൈവിട്ട യുഎസ് ഫീൽഡർമാരുടെ സഹായം കൂടിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ഇതുകൂടാതെ യുഎസിന് അഞ്ച് റൺസ് പെനൽറ്റി വിധിച്ചതും ഇന്ത്യയ്ക്ക് അപ്രതീക്ഷിത സഹായമായി. ഇന്നിങ്സിൽ മൂന്നു തവണ പുതിയ ഓവർ ആരംഭിക്കാൻ യുഎസ്എ 60 സെക്കൻഡ് സമയം പിന്നിട്ടതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് അധികമായി അഞ്ച് റൺസ് അനുവദിച്ചത്. ഇന്ത്യൻ ഇന്നിങ്സ് 15 ഓവർ പൂർത്തിയായപ്പോഴാണ് യുഎസിന്റെ അഞ്ച് റൺസ് പിഴയായി വെട്ടിക്കുറച്ചതും ഇന്ത്യൻ സ്കോറിലേക്ക് ചേർത്തതും.
15 ഓവർ പൂർത്തിയായപ്പോൾ 76ന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ. 30 ബോളിൽ 35 റൺസായിരുന്നു ഈ സമയം ഇന്ത്യയുടെ വിജയലക്ഷ്യം. അഞ്ച് റൺസ് അധികം ലഭിച്ചതോടെ ആവശ്യമായ റൺറേറ്റ് കുറയ്ക്കാൻ ഇന്ത്യയ്ക്ക് സഹായമായി. പുതിയ പെൽറ്റി നിയമപ്രകാരമാണ് യുഎസിനു പിഴ വിധിച്ചത്. തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ യുഎസ്എ ക്യാപ്റ്റൻ ആരോൺ ജോൺസ്, അംപയർമാരുമായി ദീർഘനേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനുശേഷം സമ്മർദം കുറഞ്ഞ ഇന്ത്യൻ ബാറ്റർമാർ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.