ADVERTISEMENT

ട്വന്റി20 ലോകകപ്പിൽ ‘മിനി ഇന്ത്യ’ എന്നാണ് യുഎസ് ക്രിക്കറ്റ് ടീമിനെ ആരാധകർ വിളിക്കുന്നത്. ടീമിലെ ഇന്ത്യൻ വംശജരുടെ എണ്ണം കൊണ്ടുതന്നെയാണ് ഇങ്ങനെയൊരു വിളിപ്പേര്. ക്യാപ്റ്റൻ മോനക് പട്ടേൽ നയിക്കുന്ന ടീമിൽ സൗരഭ് നേത്രാവൽക്കർ, നൊസ്തുഷ് കെൻജിഗെ, നിതീഷ് കുമാർ എന്നിവരെല്ലാം ഇതിനകം തന്നെ ക്രിക്കറ്റ് ആരാധകര്‍ക്കു പ്രിയപ്പെട്ടവരായി. ബംഗ്ലദേശിനെ ട്വന്റി20 പരമ്പരയില്‍ തകര്‍ത്ത് ‘ഞങ്ങൾ വരുന്നുണ്ട്’ എന്ന് ക്രിക്കറ്റ് ലോകത്തെ വിളിച്ചറിയിച്ച യുഎസ്, ആദ്യ മത്സരത്തിൽ കാനഡയെ തകർത്തുകൊണ്ടു തുടങ്ങി.

രണ്ടാം പോരാട്ടത്തിൽ കരുത്തരായ പാക്കിസ്ഥാനെ അട്ടിമറിച്ച യുഎസ് ഇന്ത്യയ്ക്കു മുന്നിൽ പൊരുതിയ ശേഷമാണു തോൽവി സമ്മതിച്ചത്. യുഎസിലെ അലബാമയിൽ ജനിച്ച് രക്ഷിതാക്കളുടെ നാടായ ഇന്ത്യയിലെത്തിയ നൊസ്തുഷ് കെൻജിഗെ, ജന്മനാടായ യുഎസിലേക്കു മടങ്ങിയത് ക്രിക്കറ്റിനെ നെഞ്ചോടു ചേർത്തുവച്ചായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ്, അന്ന് യുവതാരങ്ങളായിരുന്ന മയാങ്ക് അഗർവാൾ, മനീഷ് പാണ്ഡെ എന്നിവരുമൊത്ത് ബെംഗളൂരുവിൽ ക്ലബ് ക്രിക്കറ്റ് കളിച്ച താരമാണ് നൊസ്തുഷ്. ക്രിക്കറ്റിൽ നൊസ്തുഷ് മാതൃകയാക്കുന്നതും ദ്രാവിഡിനെത്തന്നെ.

പാക്കിസ്ഥാനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നൊഷ്തുക്. Photo: ANDREW CABALLERO-REYNOLDS/AFP
പാക്കിസ്ഥാനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നൊസ്തുഷ്. Photo: ANDREW CABALLERO-REYNOLDS/AFP

പാക്കിസ്ഥാനെതിരെ നാലോവറുകൾ പന്തെറിഞ്ഞ താരം 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 33 വയസ്സുകാരനായ സ്പിൻ ബോളർ ഏകദിന ക്രിക്കറ്റിൽ 40 രാജ്യന്തര മത്സരങ്ങൾ കളിച്ച് 38 വിക്കറ്റുകൾ സ്വന്തമാക്കി. ട്വന്റി20യില്‍ ഏഴു മത്സരങ്ങളും ലിസ്റ്റ് എയിൽ 61 മത്സരങ്ങളും പൂർത്തിയാക്കി. ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ എംഐ ന്യൂയോർക്കിന്റെയും എംഐ എമിറേറ്റ്സിന്റേയും താരമായിരുന്നു. ഇന്ത്യയിലെ പഠനകാലത്തിനുശേഷം 2015ലാണ് നൊസ്തുഷ് യുഎസിലേക്കു കുടിയേറുന്നത്. യുഎസിൽ ബയോ മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെ ദേശീയ ടീമിൽ ഇടംനേടി. കർണാടകയിലെ ചിക്കമഗളൂരൂവിൽ വളർന്ന നൊസ്തുഷിന് വീട്ടിൽ തിരിച്ചെത്തിയ അനുഭവമായിരുന്നു യുഎസിലേക്കെത്തിയപ്പോൾ.

‘‘ഞാൻ ജനിച്ചത് അലബാമയിലാണ്. പിതാവിന്റെ പഠനത്തിനു ശേഷം രക്ഷിതാക്കൾ ചിക്കമഗളൂരുവിലേക്കുപോകുകയായിരുന്നു. ഊട്ടിയിലെ ലോറൻസ് സ്കൂളിലെ പഠനകാലം മുതൽ തന്നെ ക്രിക്കറ്റ് കളിച്ചുതുടങ്ങിയിരുന്നു. പിന്നീട് ബെംഗളൂരുവിലേക്കു മാറിയപ്പോൾ ക്ലബ്ബ് ക്രിക്കറ്റിന്റെ ഭാഗമായി. അതിനു ശേഷമായിരുന്നു യുഎസിലേക്കുള്ള മടക്കം.’’– നൊസ്തുഷ് കെൻജിഗെ ഓൺമനോരമയോടു പറഞ്ഞു.

‘‘വിൻഡീസ് താരമായിരുന്ന റിക്കാർഡോ പവൽ നയിച്ച ഒരു സിലക്ഷൻ ട്രയൽസിൽ ഞാൻ പങ്കെടുത്തിരുന്നു. അങ്ങനെയാണ് എനിക്കു സിലക്ഷൻ ലഭിച്ചത്. പക്ഷേ യുഎസ് ടീമിനായി കളിക്കണമെങ്കിൽ ഞാൻ കമ്യൂണിറ്റി സർവീസ് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ക്രിക്കറ്റും ജോലിയും ഒരുമിച്ചുകൊണ്ടുപോകുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. രാജ്യാന്തര കരിയറിന്റെ തുടക്കകാലത്ത് പരിശീലകന്‍ പുബുദു ദസനായകെ ആണ് കരുത്തായത്.’’– നൊസ്തുഷ് വ്യക്തമാക്കി.

നൊഷ്തുക് കെൻജിഗെ കുടുംബത്തോടൊപ്പം. Photo: SpecialArrangement
നൊസ്തുഷ് കെൻജിഗെ കുടുംബത്തോടൊപ്പം. Photo: Special Arrangement

2019ല്‍ യുഎസ് ഏകദിന ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടിയതാണ് നൊസ്തുഷിന്റെ കരിയറിൽ വഴിത്തിരിവായത്. 2019ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറി. യുഎസ് ക്രിക്കറ്റ് താരങ്ങൾക്ക് ഫുൾ ടൈം കോൺട്രാക്ട് നല്‍കിത്തുടങ്ങിയതും അപ്പോഴായിരുന്നു. ഇതോടെ നൊസ്തുഷ് ക്രിക്കറ്റിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചു. ട്വന്റി20 ലോകകപ്പിലെ യുഎസിന്റെ പ്രകടനത്തിൽ അദ്ഭുതപ്പെടാനില്ലെന്നാണ് നൊസ്തുഷിന്റെ വാദം.

‘‘ഞങ്ങൾ മികച്ച രീതിയിൽ തയാറെടുത്ത ശേഷമാണു ട്വന്റി20 ലോകകപ്പ് കളിക്കാൻ ഇറങ്ങിയത്. സൂപ്പർ 8 യോഗ്യത നേടാൻ സാധിക്കുമെന്നാണു പ്രതീക്ഷ. 2026 ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള യോഗ്യതയും ഉറപ്പാക്കണം. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിലും ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് യുഎസിൽ ഇല്ലാത്തത് ഒരു തടസ്സം തന്നെയാണ്. പക്ഷേ ദേശീയ ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അനുഭവ സമ്പത്തുണ്ട്. 2018–20 കാലത്ത് കോവിഡിനു മുൻപ് യുഎസ് താരങ്ങൾ വെസ്റ്റിൻഡീസിൽ ആഭ്യന്തര ടൂർണമെന്റുകളുടെ ഭാഗമായിരുന്നു. ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ടെന്നതുപോലെ, ട്വന്റി20 ക്രിക്കറ്റ് സ്പിന്നർമാര്‍ക്കും തുല്യമായ അവസരങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ വാക്കുകൾ ഞാൻ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.’’– നൊസ്തുഷ് പറഞ്ഞു.

English Summary:

Nosthush Kenjige; From Karnataka to T20 World Cup hero for the USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com