‘സച്ചിനോ ദ്രാവിഡോ ഇങ്ങനെ പറയില്ല, സേവാഗിന് താരങ്ങളെ ബഹുമാനിക്കാൻ അറിയില്ല’
Mail This Article
ധാക്ക∙ ഷാക്കിബ് അൽ ഹസനെതിരായ വിമർശനങ്ങളുടെ പേരിൽ വീരേന്ദർ സേവാഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബംഗ്ലദേശ് മുൻ ക്രിക്കറ്റ് താരം ഇമ്രുല്‍ കായെസ്. ട്വന്റി20 ലോകകപ്പിൽ ഷാക്കിബ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, താരം വിരമിക്കേണ്ട സമയമായെന്ന് സേവാഗ് പ്രതികരിച്ചിരുന്നു. സേവാഗിന് അദ്ദേഹത്തിന്റെ കരിയറിൽ ഒരു ബഹുമാനവും ലഭിച്ചിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നതെന്ന് ബംഗ്ലദേശ് മുൻ താരം ആരോപിച്ചു. സേവാഗിന് മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘സേവാഗിനെപ്പോലൊരു ഇതിഹാസം ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എനിക്കു മനസ്സിലാകുന്നില്ല. സച്ചിനോ, ദ്രാവിഡോ ഒന്നും ഇങ്ങനെ പറയില്ല. കാരണം അവർ കളിക്കാരെ ബഹുമാനിക്കുന്നുണ്ട്. സേവാഗിന് ആ ബഹുമാനം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് അത് മറ്റുള്ളവർക്കു നൽകാനും അറിയില്ല.’’– ബംഗ്ലദേശ് മുൻ താരം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘സേവാഗ് അദ്ദേഹത്തിന്റെ കരിയറിൽ ഇങ്ങനെയുള്ള പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ രാജ്യം ക്രിക്കറ്റിനു പറ്റിയ സ്ഥലമല്ലെന്നു പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ 20 വിക്കറ്റുകൾ നേടാൻ ഞങ്ങൾക്ക് ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഞങ്ങൾ അതു ചെയ്തുകാണിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല ഷാക്കിബ് അൽ ഹസൻ എന്ന ക്രിക്കറ്റ് താരം ഉണ്ടായത്. അദ്ദേഹത്തിന്റെ കരിയര്‍ നോക്കിയാൽ വളരെയേറെ നേട്ടങ്ങൾ കാണാനാകും. ഏറെക്കാലമായി ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും ഒന്നാം നമ്പർ ഓൾ റൗണ്ടറായിരുന്നു ഷാക്കിബ്. അങ്ങനെയുള്ള താരങ്ങളെപ്പറ്റി ബഹുമാനത്തോടെയാകണം സംസാരിക്കേണ്ടത്.’’– ഇമ്രുൽ കായെസ് വ്യക്തമാക്കി.