ADVERTISEMENT

സെന്റ്ലൂസിയ∙ സ്കോട്‍ലൻഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് വിജയം നേടിയത് ഇംഗ്ലണ്ടിന് അനുഗ്രഹമായി. ബി ഗ്രൂപ്പിൽനിന്ന് സ്കോട്‍ലൻഡിനെ പിന്തള്ളി ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കൊപ്പം ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെത്തി. നാലു കളികളിൽ നാലും ജയിച്ച് ഓസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാമതായി. രണ്ടു വിജയങ്ങളുള്ള ഇംഗ്ലണ്ടിനും സ്കോട്‍ലൻഡിനും അഞ്ച് പോയിന്റു വീതമുണ്ട്. നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് സൂപ്പർ 8ലേക്കു മുന്നേറിയത്.

ഞായറാഴ്ചത്തെ മത്സരത്തിൽ സ്കോട്‍ലൻഡ് വിജയിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ട് പുറത്താകുമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത സ്കോട്‍ലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് ആരാധകർ ഒന്നു വിറച്ചിരിക്കണം. പക്ഷേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ രണ്ടു പന്തുകള്‍ മാത്രം ബാക്കി നിൽക്കെ ഓസീസ് വിജയത്തിലെത്തി ഇംഗ്ലണ്ടിനെ ‘രക്ഷിച്ചു’.

സ്കോട്‍ലൻഡിനായി ബ്രാണ്ടൻ മക്മുല്ലൻ അർധ സെഞ്ചറി നേടി. 34 പന്തിൽ 60 റൺസാണു താരം അടിച്ചെടുത്തത്. ക്യാപ്റ്റൻ റിച്ചി ബെറിങ്ടൻ (31 പന്തിൽ 42), ജോർജ് മുൻസെ (23 പന്തിൽ 35) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിലാണ് ഓസീസ് വിജയറൺസ് കുറിച്ചത്. ട്രാവിസ് ഹെഡ് (49 പന്തിൽ 68), മാർകസ് സ്റ്റോയ്നിസ് (29 പന്തിൽ 59) എന്നിവരുടെ അർധ സെഞ്ചറികളാണ് ഓസ്ട്രേലിയയ്ക്കു തുണയായത്. സ്റ്റോയ്നിസാണു കളിയിലെ താരം.

അവസാന മത്സരത്തിൽ നമീബിയയ്ക്കെതിരെ ഇംഗ്ലണ്ട് 41 റണ്‍സ് വിജയം നേടിയിരുന്നു. മഴ കാരണം പത്തോവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നമീബിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണു നേടിയത്.

English Summary:

Australia beat England in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com