106ന് ഓൾഔട്ട്, നേപ്പാളിനെ എറിഞ്ഞിട്ട് ബംഗ്ലദേശ് ലോകകപ്പ് സൂപ്പർ 8ൽ; തുടർച്ചയായി 21 ഡോട്ട് ബോളുകൾ
Mail This Article
കിങ്സ്ടൗൺ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച് ബംഗ്ലദേശ് സൂപ്പർ 8 ഉറപ്പിച്ചു. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 85 റൺസിന് ഓൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് അപ്രതീക്ഷിത തിരിച്ചടിയാണു മത്സരത്തില്‍ നേരിട്ടത്. 22 പന്തുകളിൽ 17 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. സോംപാൽ കാമി, ദീപേന്ദ്ര സിങ് എയ്‍രി, രോഹിത് പൗഡെൽ, സന്ദീപ് ലാമിച്ചനെ എന്നിവർ രണ്ടു വിക്കറ്റുവീതം വീഴ്ത്തി. 19.3 ഓവറിലാണ് ബംഗ്ലദേശ് പുറത്തായത്.
കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങിയ നേപ്പാളിന് ബംഗ്ലദേശിനെതിരെ അതേപ്രകടനം തുടരാനായില്ല. ബംഗ്ലദേശ് ബോളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ നേപ്പാൾ 19.2 ഓവറിൽ 85 റൺസെടുത്തു പുറത്തായി. ഒരു ഘട്ടത്തിൽ അഞ്ചിന് 78 റൺസെന്ന നിലയിലായിരുന്നു നേപ്പാൾ. അവസാന ഏഴു റൺസെടുക്കുന്നതിനിടെ നേപ്പാളിന്റെ അഞ്ചു വിക്കറ്റുകൾ വീണു.
ബംഗ്ലദേശിന്റെ യുവപേസർ തൻസിം ഹസൻ സാക്കിബ് ഏഴു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി നേപ്പാളിനെ വിറപ്പിച്ചു. തുടർച്ചയായി 21 ഡോട്ട് ബോളുകളാണ് ബംഗ്ലദേശ് പേസർ എറിഞ്ഞത്. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റുകളും മുസ്തഫിസുർ റഹ്മാന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.
21 റൺസ് വിജയത്തോടെ മറ്റൊരു നേട്ടവും ബംഗ്ലദേശിനെ തേടിയെത്തി. ഒരു ട്വന്റി20 ലോകകപ്പ് എഡിഷനിൽ ബംഗ്ലദേശ് ആദ്യമായാണ് മൂന്നു മത്സരങ്ങൾ വിജയിക്കുന്നത്. ജയത്തോടെ ഡി ഗ്രൂപ്പിൽ ആറു പോയിന്റുമായി ബംഗ്ലദേശ് സൂപ്പർ 8ൽ എത്തി. ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക നേരത്തേ സൂപ്പർ 8 ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ ശ്രീലങ്ക 83 റൺസിനു കീഴടക്കി.
സെന്റ് ലൂസിയയിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ 16.4 ഓവറിൽ 118 റൺസെടുത്ത് നെതർലൻഡ്സ് പുറത്തായി. ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയുടെ ആദ്യ വിജയമാണിത്. ശ്രീലങ്ക നേരത്തേ തന്നെ ലോകകപ്പിൽനിന്നു പുറത്തായിരുന്നു.