സിംബാബ്വെയ്ക്കെതിരെ സീനിയേഴ്സ് ഇല്ല; സഞ്ജു വിക്കറ്റ് കീപ്പറാകും, ചെന്നൈ താരം ക്യാപ്റ്റൻ?
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം നടക്കുന്ന ഇന്ത്യ– സിംബാബ്‍വെ ട്വന്റി20 പരമ്പരയിൽ സീനിയര്‍ താരങ്ങൾക്കു വിശ്രമം അനുവദിക്കാൻ ബിസിസിഐ. ജൂലൈ ആറിനാണു ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവര്‍ക്കു ലോകകപ്പിനു ശേഷം ബിസിസിഐ വിശ്രമം അനുവദിക്കും. കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങൾക്കായിരിക്കും ടീമില്‍ പ്രാധാന്യം. മലയാളി താരം സഞ്ജു സാംസൺ പരമ്പരയിൽ വിക്കറ്റ് കീപ്പറായേക്കും.
ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു ഉണ്ടെങ്കിലും ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ഋഷഭ് പന്ത് മികച്ച ഫോമിലായതിനാൽ സൂപ്പർ 8 റൗണ്ടിലും പന്തു തന്നെയായിരിക്കും കീപ്പർ. സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചാലും ബാറ്ററായി മാത്രം കളിക്കേണ്ടിവരും. ഇനിയുള്ള മത്സരങ്ങളിൽ സ്പിന്നർമാർക്കു കൂടി ടീമിൽ ഇടം നൽകേണ്ടതിനാൽ, ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയെ മാറ്റിനിർത്താൻ സാധ്യതയില്ല.
ഐപിഎല്ലിലും തൊട്ടുപിന്നാലെ ലോകകപ്പിലും കളിച്ച ഇന്ത്യൻ താരങ്ങൾക്കു കുറച്ചു നാള്‍ വിശ്രമം അനുവദിക്കാനാണു ബിസിസിഐയുടെ തീരുമാനം. അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, മയങ്ക് യാദവ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചേക്കും. ഗൗതം ഗംഭീറിനെ പരിശീലകനായി നിയമിച്ചാൽ, അദ്ദേഹത്തിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാകും ഇത്. അടുത്ത ആഴ്ച തന്നെ ട്വന്റി20 ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണു വിവരം.
ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവർക്കും സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിച്ച ഋതുരാജ് ഗെയ്ക്‌വാദിനെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായിരുന്നു ഗെയ്ക്‌വാദ്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ്, സഞ്ജു സാംസൺ, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ, യാഷ് ദയാൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, മയങ്ക് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി, റിയാൻ പരാഗ്, രജത് പട്ടീദാർ, പ്രബ്സിമ്രൻ സിങ്.