ADVERTISEMENT

ആന്റിഗ്വ∙ ട്വന്റി20 ലോകകപ്പില്‍ സൂപ്പർ 8 റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസ് വിജയം. യുഎസിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റു നഷ്ടത്തിൽ 176 റൺസെടുക്കാനേ യുഎസിനു സാധിച്ചുള്ളു. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൻ ഡി കോക്ക് അർധസെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട ക്വിന്റൻ‍ 74 റൺസെടുത്തു പുറത്തായി.

സ്കോർ 16ൽ നിൽക്കെത്തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ റീസ ഹെൻറിക്സിനെ നഷ്ടമായിരുന്നു. ക്യാപ്റ്റൻ എയ്‍ഡന്‍ മാർക്രവും ഡികോക്കും കൈകോർത്തതോടെ ദക്ഷിണാഫ്രിക്കൻ സ്കോര്‍ കുതിച്ചു. 61 റൺസാണ് ദക്ഷിണാഫ്രിക്ക പവർപ്ലേയിൽ നേടിയത്. സ്കോർ 126ൽ നിൽക്കെ ഡികോക്കിനെ ഹർമീത് സിങ് പുറത്താക്കി. ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലർ മടങ്ങി. 

32 പന്തുകൾ നേരിട്ട മാർക്രം 46 റൺസെടുത്തു. അവസാന പന്തുകളിൽ ഹെൻറിച് ക്ലാസനും (36), ട്രിസ്റ്റൻ സ്റ്റബ്സും (20) തിളങ്ങി. ഏഴു യുഎസ് താരങ്ങൾ‍ പന്തെറിഞ്ഞപ്പോൾ, സൗരഭ് നേത്രവൽക്കറും ഹർമീത് സിങ്ങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയത് യുഎസ് ഓപ്പണർ ആന്ദ്രീസ് ഗൗസിന്റെ ബാറ്റിങ്ങായിരുന്നു. വിക്കറ്റുകൾ വീണപ്പോഴും ഒരു ഭാഗത്ത് ഗൗസ് പിടിച്ചുനിന്നു. 

47 പന്തുകളിൽ 80 റൺസാണു താരം അടിച്ചെടുത്തത്. അഞ്ചു വീതം സിക്സും ഫോറും താരം ബൗണ്ടറി കടത്തി. ഗൗസിനു പുറമേ ഹർമീത് സിങ് (22 പന്തിൽ 38), സ്റ്റീവ് ടെയ്‍ലർ (14 പന്തിൽ 24), കോറി ആൻഡേഴ്സൻ (12 പന്തിൽ 12) എന്നിവരും യുഎസ് നിരയിൽ രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജ്, ആന്‍റിച് നോർട്യ, ടബരെയ്സ് ഷംസി എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

English Summary:

South Africa beat USA in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com