സിംബാബ്‌വെ പര്യടനത്തിൽ ഗംഭീർ കോച്ചാകില്ല, പകരം മുൻ ഇന്ത്യൻ താരം; ടീമിനെ ഉടൻ പ്രഖ്യാപിക്കും
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗൗതം ഗംഭീർ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണും നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫും ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കു ഇന്ത്യൻ ടീമിനൊപ്പം പോകുമെന്നാണ് വിവരം. നിലവിൽ, ഐപിഎലിൽ തിളങ്ങിയ യുവതാരങ്ങളും ബിസിസിഐയുടെ സാധ്യതാ പട്ടികയിലുള്ള മറ്റു ചില താരങ്ങളും ഉൾപ്പെടെയുള്ളവർ ലക്ഷ്മണിന്റെ മേൽനോട്ടത്തിൽ എൻസിഎ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്.
യുവ സ്ക്വാഡാകും സിംബാബ്‌വെയിലേക്കു പോകുകയെന്നാണ് വിവരം. എങ്കിലും നിലവിൽ ലോകകപ്പിൽ ടീമിലുള്ള ആറു മുതൽ ഏഴു വരെ താരങ്ങളുമുണ്ടാകും. റയാൻ പരാഗ്, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി ഉൾപ്പെടെയുള്ളവർ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. യാഷ് ദയാൽ അല്ലെങ്കിൽ ഹർഷിത് റാണ എന്നിവരിലൊരാൾക്കും ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തിയേക്കും. വിശ്രമം ആവശ്യപ്പെട്ടില്ലെങ്കിൽ ഹാർദിക് പാണ്ഡ്യയോ അല്ലെങ്കിൽ സൂര്യകുമാർ യാദവോ ആയിരിക്കും ടീമിന്റെ നായകൻ. ഋതുരാജ് ഗെയ്‌ക്‌വാദിനും സാധ്യതയുണ്ട്. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും പരിഗണിച്ചേക്കും. ഈ മാസം 22നോ 23നോ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടെ ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിനു പകരം സ്ഥാനമേൽക്കുന്ന ഗൗതം ഗംഭീർ ജൂലൈ അവസാനം ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെ മാത്രമേ ചുമതല ഏറ്റെടുക്കൂ എന്നും അടുത്തവൃത്തങ്ങൾ പറയുന്നു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്ന ഏക വ്യക്തിയായ ഗംഭീറുമായി ബിസിസിഐ ഉപദേശക സമിതി (സിഎസി) കഴിഞ്ഞദിവസം അഭിമുഖം നടത്തിയിരുന്നു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായ ഗംഭീർ ഇതുവരെ ഒരു ടീമിന്റെയും പ്രധാന പരിശീലകനായി പ്രവർത്തിച്ചിട്ടില്ല. മെന്ററെന്ന നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആദ്യ സീസണിൽ തന്നെ ഐപിഎൽ ചാംപ്യൻമാരാക്കാൻ ഗംഭീറിനു സാധിച്ചു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ പരിശീലകന്റെ ചുമതലയും ഗംഭീറിനെ തേടിയെത്തുന്നത്.