കത്തിക്കയറി സൂര്യകുമാർ, പിന്നാലെ റാഷിദുമായി നേർക്കുനേർ; ‘കമന്റു’മായി രവി ശാസ്ത്രി– വിഡിയോ
Mail This Article
ബാർബഡോസ്∙ അഫ്ഗാനിസ്ഥാനെതിരായ ജയത്തോടെ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. മത്സരത്തിന്റെ വിവിധഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും അധികം പരുക്കേൽക്കാതെയാണ് ഇന്ത്യൻ ജയം. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഓപ്പണറായി ഇറങ്ങിയിട്ട് ഇതുവരെ തിളങ്ങാത്ത വിരാട് കോലിയും വീണ്ടും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ രക്ഷകരായത്. മൂന്നു വിക്കറ്റ് വീഴ്ത്തി പന്തുമായി ജസ്പ്രീത് ബുമ്ര മുന്നിൽനിന്നു നയിച്ചപ്പോൾ അർഷ്‌ദീപ് സിങ്, അക്ഷർ പട്ടൽ, കുൽദീപ് യാദവ് എന്നിവരും മിന്നി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ അഫ്ഗാന്റെ പോരാട്ടം 134 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 8ന് 181. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 134ന് പുറത്ത്. തുടക്കത്തിൽ പിച്ച് ബാറ്റർമാർക്ക് അനുകൂലമാകുമെന്നും രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ വേഗം കുറയുമെന്നും പ്രതീക്ഷിച്ചാണ് ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ ആദ്യ ഓവറിൽ തന്നെ പിച്ചിന്റെ വേഗക്കുറവ് ഇന്ത്യൻ ഓപ്പണർമാരെ പരീക്ഷിക്കാൻ തുടങ്ങി.
അഫ്ഗാനിസ്ഥാനു വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മൂന്നു വിക്കറ്റ് നേടി. വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ എന്നിവരുടെ വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ റാഷിദിനെതിരെ വിയർത്തപ്പോൾ സൂര്യകുമാർ യാദവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ താരത്തിന്റെ ബോളിങ്ങിനു സാധിച്ചില്ല. റാഷിദിനെതിരെ രണ്ടു ഫോറും ഒരു സിക്സുമാണ് സൂര്യകുമാർ നേടിയത്.
ഇതിനുശേഷം ഗ്രൗണ്ടിൽ ഇരുവരും നേർക്കുനേർ സംസാരിക്കുന്നതിന്റെ വിഡിയോ ഐസിസി എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. രണ്ടുപേരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും റാഷിദ് ചിരിച്ചുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ഗൗരവത്തിൽ മറുപടി നൽകുന്ന സൂര്യകുമാറിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ സമയം കമന്ററി ബോക്സിലിരുന്ന മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയും താരങ്ങളുടെ സംസാരത്തെക്കുറിച്ച് പരമാർശിച്ചു. ‘‘എന്നെ ബൗണ്ടറി കടത്തുന്നത് നിർത്തൂ’ എന്നായിരിക്കാം റാഷിദ് പറഞ്ഞതെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ശനിയാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.