കമ്മിൻസിന് ഹാട്രിക്, വാർണർക്ക് ഫിഫ്റ്റി; മഴക്കളിയിൽ ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ച് ഓസീസ്
Mail This Article
ആന്റിഗ്വ∙ ടൂർണമെന്റിലെ ആദ്യ ഹാട്രിക് നേട്ടം ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കിയ സൂപ്പർ 8 പോരാട്ടത്തിൽ ബംഗ്ലദേശിനെ 28 റൺസിനു തോൽപ്പിച്ച് ഓസ്ട്രേലിയ. മഴനിയമപ്രകാരമാണ് ജയം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിടെ, 12ാം ഓവറിൽ മഴ കളി മുടക്കിയതോടെ മഴനിയമപ്രകാരം ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. 11.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസായിരുന്നു ഓസ്ട്രേലിയയുടെ സ്കോർ. ഡിഎൽഎസ് പ്രകാരം ഈ സമയം അവർ വിജയിക്കാൻ 72 റൺസ് മാത്രം മതിയായിരുന്നു.
ഹാട്രിക് നേടിയ പാറ്റ് കമ്മിൻസ്, രണ്ടു വിക്കറ്റ് വീഴ്ത്തി ആദം സാംപ എന്നിവരുടെ മികവിലാണ് ബംഗ്ലദേശിനെ ഓസീസ് ചെറിയ സ്കോറിലൊതുക്കിയത്. 41 റൺസ് നേടിയ ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോ, 40 റൺസ് നേടിയ തൗഹിദ് ഹൃദ്യോയ് എന്നിവരാണ് ബംഗ്ലദേശിനു വേണ്ടി പൊരുതിയത്. ബംഗ്ല ഇന്നിങ്സിന്റെ 18, 20 ഓവറുകളിലായിട്ടായിരുന്നു കമ്മിൻസിന്റെ ഹാട്രിക് നേട്ടം.
18–ാം ഓവറിൽ അഞ്ചാം പന്തിൽ മഹ്മദുല്ലയെ പുറത്താക്കിയ കമ്മിൻസ്, ആറാം പന്തിൽ മെഹദി ഹസനെയും 20–ാം ഓവറിന്റെ ആദ്യ പന്തിൽ ഹൃദ്യോയിയെയും പുറത്താക്കി. ട്വന്റി 20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് കമ്മിൻസ്. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടി പുറാത്താകാതെ നിന്ന ഡേവിഡ് വാർണർ (35 പന്തിൽ 53*), ട്രാവിസ് ഹെഡ് (21 പന്തിൽ 31) എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു ഓസ്ട്രേലിയയുടെ കുതിപ്പ്. ഗ്ലെൻ മാക്‌സ്‌വെൽ 6 പന്തിൽ 14 റൺസ് നേടി പുറത്താകാതെ നിന്നു.