ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയതിനു പിന്നാലെ യുവതാരത്തിനു പരുക്ക്, കളിക്കില്ല; ശിവം ദുബെ പകരക്കാരൻ
Mail This Article
മുംബൈ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് യുവതാരം നിതീഷ് റെഡ്ഡി പുറത്തായി. ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിക്കാൻ വിളിയെത്തിയതിനു പിന്നാലെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. ഇതോടെ നിതീഷിന് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായി. നിതീഷിനു പകരം ഓൾ റൗണ്ടർ ശിവം ദുബെയെ ബിസിസിഐ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.
ട്വന്റി20 ലോകകപ്പ് ടീം ക്യാംപിലാണു ശിവം ദുബെ ഉള്ളത്. ജൂലൈ ആറു മുതൽ 14 വരെയാണ് ഇന്ത്യ– സിംബാബ്‍വെ ട്വന്റി20 പരമ്പര നടക്കേണ്ടത്. ഐപിഎല്‍ 2024 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി തകർപ്പൻ പ്രകടനമാണു നിതീഷ് റെഡ്ഡി നടത്തിയത്. സീസണിലെ എമർജിങ് പ്ലേയർ പുരസ്കാരവും നേടിയതോടെ നിതീഷിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.
താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണു താരത്തെ ചികിത്സിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനായി 13 മത്സരങ്ങൾ കളിച്ച നിതീഷ് 303 റൺസും മൂന്നു വിക്കറ്റുകളും നേടിയിരുന്നു. ട്വന്റി20 ലോകകപ്പ് ടീമിലുള്ള താരങ്ങളിൽ യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവർ മാത്രമാണു സിംബാബ്‍വെയ്ക്കെതിരെ കളിക്കുന്നത്. മറ്റു താരങ്ങൾക്കെല്ലാം ബിസിസിഐ വിശ്രമം അനുവദിച്ചു.
സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ.