‘ലോകത്തെ പഠിപ്പിച്ചത് പാക്കിസ്ഥാനാണ്, ഇങ്ങോട്ട് പഠിപ്പിക്കാൻ വരേണ്ട’: രോഹിത്തിനോട് ഇൻസമാം– വിഡിയോ
Mail This Article
ഇസ്‍ലാമാബാദ്∙ ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആരോപിച്ചത് വിവാദമായിരുന്നു. സൂപ്പർ 8 പോരാട്ടത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിനു ശേഷമായിരുന്നു ഇൻസമാമിന്റെ ആരോപണം. അർഷ്ദീപിനു പന്ത് നന്നായി റിവേഴ്സ് സ്വിങ് ചെയ്യാൻ സാധിച്ചത് പന്തിൽ കൃത്രിമം കാട്ടിയതു മൂലമാണെന്നായിരുന്നു ആരോപണം.
എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇതു തള്ളിയിരുന്നു. വിമർശകരോട് ‘മനസ്സ് തുറക്കാൻ’ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ രോഹിത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻസമാം ഉൾ ഹഖ്. ലോക ക്രിക്കറ്റിന് റിവേഴ്സ് സ്വിങ് സംഭാവന ചെയ്തത് തന്നെ പാക്കിസ്ഥാനാണെന്നും അവരെ അതു പഠിപ്പിക്കാൻ വരരരുതെന്നും ഇൻസമാം പറഞ്ഞു. ഞങ്ങൾ തീർച്ചയായും മനസ്സു തുറന്നാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘അത് സംഭവിച്ചെന്ന് രോഹിത് സമ്മതിച്ചു എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ട് നമ്മൾ നിരീക്ഷിച്ചത് ശരിയാണെന്നാണ് അർഥം. രണ്ടാമത്തെ കാര്യം, റിവേഴ്സ് സ്വിങ് എങ്ങനെ സംഭവിക്കുന്നു, എത്ര സൂര്യനു കീഴെ, ഏതു പിച്ചിൽ സംഭവിക്കുമെന്ന് രോഹിത് പറയേണ്ടതില്ല. ലോകത്തെ യഥാർഥത്തിൽ പഠിപ്പിച്ചവരെ നിങ്ങൾ പഠിപ്പിക്കേണ്ടതില്ല. ഈ കാര്യങ്ങൾ സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറയുക.’’ – ഇൻസമാം പറഞ്ഞു.
നേരത്തെ, ആരോപണങ്ങൾക്ക് രോഹിത് ശർമ കൃത്യമായി മറുപടി നൽകിയിരുന്നു. ‘‘എന്ത് മറുപടിയാണ് ഞാൻ പറയേണ്ടത്. വെയിലുള്ള കാലാവസ്ഥയിൽ കളിക്കുന്നതിനാൽ വിക്കറ്റുകൾ വരണ്ടതാണ്. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിങ് കിട്ടുന്നു. ചിലപ്പോൾ മനസ്സ് തുറക്കേണ്ടതുണ്ട്. സാഹചര്യം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. അതാണ് ഞാൻ പറയുന്നത്.’’ രോഹിത് പറഞ്ഞു. ഇതിനാണ് ഇൻസമാമിന്റെ മറുപടി.