7 മാസത്തിനിടെ രണ്ടാം ലോകകപ്പ് ഫൈനൽ, വികാരഭരിതനായി രോഹിത്; ആശ്വസിപ്പിച്ച് കോലി– വിഡിയോ
Mail This Article
ഗയാന (വെസ്റ്റിൻഡീസ്) ∙ പകരത്തിനു പകരം, അതു സെമിഫൈനലിൽ തന്നെ. 2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിന്റെ തനിയാവർത്തനമായ മത്സരത്തിൽ പക്ഷേ ജയം മറ്റൊരു പക്ഷത്തേയ്ക്കു മാറി. രണ്ടു വർഷം മുൻപ് ഓസ്ട്രേലിയയിലെ ഓവൽ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കരീബിയൻ മണ്ണിൽ ഇന്ത്യയുടെ പ്രതികാരം. അതേ ഇംഗ്ലണ്ട് ടീമിനെ സെമിഫൈനലിൽ തോൽപ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഏഴു മാസത്തിനിടെ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് ഫൈനലാണിത്. നവംബറിൽ, ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടേറ്റ തോൽവി മറക്കാൻ രോഹിത്തിനും സംഘത്തിനും ഇനി ഒരു കളി ദൂരം മാത്രം.
ബാറ്റിങ്ങിൽ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മത്സരശേഷം വികാരാധീനനായ രോഹിത്തിനെയും കണ്ടു. ഡ്രസിങ് റൂമിൽ തിരിച്ചെത്തി, കസേരയിൽ ഇരുന്നതിനു പിന്നാലെയായിരുന്നു ക്യാപ്റ്റന്റെ ആനന്ദക്കണ്ണീർ. വികാരഭരിതനായി കണ്ണീരടക്കാനാവാതെ മുഖം പൊത്തിയിരുന്ന രോഹിത്തിനെ ഒരു ചെറു ചിരിയോടെ അടുത്തെത്തി വിരാട് കോലി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
രോഹിത് ശർമയും സൂര്യകുമാർ യാദവും നടത്തിയ രക്ഷാപ്രവർത്തനമാണ് തുടക്കത്തിൽ തന്നെ വിരാട് കോലിയെയും ഋഷഭ് പന്തിനെയും നഷ്ടപ്പെട്ടിട്ടും ഇന്ത്യയെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. 39 പന്തുകൾ നേരിട്ട രോഹിത് ശർമ 57 റൺസെടുത്തു പുറത്തായി. 36 പന്തിൽ സൂര്യ 47 റണ്‍സ് സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യയുടേയും (13 പന്തിൽ 23), രവീന്ദ്ര ജഡേജയുടേയും (ഒൻപതു പന്തിൽ 17) കാമിയോ പ്രകടനങ്ങളും ഇന്ത്യയെ തുണച്ചു. ഓപ്പണിങ് ബാറ്ററെന്ന നിലയിൽ വിരാട് കോലി ഒരിക്കൽ കൂടി പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഗയാനയില്‍. ഒൻപതു പന്തുകളിൽ ഒൻപതു റണ്‍സെടുത്ത കോലി പേസർ റീസ് ടോപ്‍ലിയുടെ പന്തിൽ ബോൾഡാകുകയായിരുന്നു.
ഇടയ്ക്കിടെ പെയ്ത മഴയെ അതിജീവിച്ച് 171 റൺസ് എന്ന മികച്ച സ്കോർ നേടിയ ഇന്ത്യൻ ബാറ്റർമാരെ പോലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ബോളർമാരുടേത്. 3 ഓവറിൽ 26 റൺസെടുത്ത് ഓപ്പണർമാരായ ജോസ് ബട്‍ലറും ഫിൽ സോൾട്ടും ഇംഗ്ലണ്ടിനു പ്രതീക്ഷയുണർത്തുന്ന തുടക്കം നൽകിയെങ്കിലും 4–ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ബട്‍ലറെ (23) വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ച് അക്ഷർ പട്ടേൽ വിക്കറ്റ് കൊയ്ത്ത് തുടങ്ങി. അടുത്ത ഓവറിൽ ഉജ്വലമായ ഓഫ് കട്ടറിലൂടെ ജസ്പ്രീത് ബുമ്ര സോൾട്ടിന്റെ (5) സ്റ്റംപിളക്കി. ഇന്ത്യൻ സ്പിന്നർമാരുടെ സംഹാരതാണ്ഡവമാണ് പിന്നെ പിച്ചിൽ കണ്ടത്. ജോണി ബെയർസ്റ്റോ (0), മൊയീൻ അലി (8) എന്നിവരെയും അക്ഷർ മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.
കുൽദീപ് യാദവിന്റെ ഊഴമായിരുന്നു പിന്നെ. സാം കറനെ (2) വിക്കറ്റിനു മുന്നിൽ കുരുക്കിയ കുൽദീപ് ഹാരി ബ്രൂക്കിനെ (25) ബോൾഡാക്കി. 10.4 ഓവറിൽ 6ന് 68 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ലിയാം ലിവിങ്സ്റ്റൻ (11), ആദിൽ റഷീദ് (2) എന്നിവർ റണ്ണൗട്ടായപ്പോൾ ക്രിസ് ജോർദാനെ വിക്കറ്റിനു മുന്നിൽ കുരുക്കി കുൽദീപും 3 വിക്കറ്റ് തികച്ചു. 2 സിക്സ് സഹിതം 15 പന്തിൽ 21 റൺസെടുത്ത ജോഫ്ര ആർച്ചറെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഇന്ത്യൻ ജയം പൂർണം.