ജയിക്കാൻ മാത്രം അറിയുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും, ഫൈനലിൽ ആര്? കളി മാറ്റാൻ അക്ഷറും നോർട്യയും
Mail This Article
ട്വന്റി20 ലോകകപ്പിൽ ഒരുകളി പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനൽ വരെ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലോ സൂപ്പർ 8ലോ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല. 7 മത്സരങ്ങളിൽ നിന്ന് 41.33 ശരാശരിയിൽ 248 റൺസുമായി ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ കരുത്ത്. മധ്യനിരയിൽ സൂര്യകുമാർ യാദവും ഫോമിലാണ്. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയും കുൽദീപ് യാദവിന്റെ നേതൃത്വത്തിലുള്ള സ്പിൻനിരയും ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നു.
ദൗർബല്യം: സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ ദയനീയ ഫോം ഇന്ത്യയ്ക്കു തലവേദനയാണ്. പവർ ഹിറ്ററുടെ റോളിൽ ടീമിലെത്തിയ ശിവം ദുബെയും തുടർച്ചയായി നിരാശപ്പെടുത്തുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടൂർണമെന്റിൽ നിറംമങ്ങി.
ഗെയിം ചെയ്ഞ്ചർ: പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടീം ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ ടോപ് ഓർഡറിനെ താങ്ങിനിർത്തി, ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മിച്ചൽ മാർഷിന്റെ അവിശ്വസനീയ ക്യാച്ചിലൂടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി, സെമിയിൽ ജോസ് ബട്‌ലറുടേതുൾപ്പെടെ 3 വിക്കറ്റുമായി ഇന്ത്യയ്ക്കു ഫൈനലിലേക്കുള്ള വഴിവെട്ടി; ഇന്ത്യൻ ക്രിക്കറ്റ് സമീപകാലത്തുകണ്ട മികച്ച ഓൾറൗണ്ടറായി അക്ഷർ പട്ടേൽ പേരെടുത്ത ടൂർണമെന്റ് കൂടിയാണ് ഇത്. ഫൈനലിലും അക്ഷറിന്റെ പ്രകടനം ഇന്ത്യയ്ക്കു നിർണായകമാകും.
ആഫ്രിക്കൻ പ്രതീക്ഷ
അണ്ടർ 19 കാലം മുതൽ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റേത്. ഈ ഭാഗ്യനായകൻ തങ്ങൾക്ക് കന്നി ലോകകപ്പ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ. ഇന്ത്യയെപ്പോലെ ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ദക്ഷിണാഫ്രിക്കയും ഫൈനൽ വരെ എത്തിയത്. ക്വിന്റൻ ഡികോക്ക്, എയ്ഡൻ മാർക്രം, ഹെയ്ൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ തുടങ്ങിയ ട്വന്റി20 സ്പെഷലിസ്റ്റുകളാണ് ടീമിന്റെ കരുത്ത്. ബോളിങ്ങിൽ തബരേസ് ഷംസി, കേശവ് മഹാരാജ് സ്പിൻ ജോടിയുടെ പ്രകടനവും നിർണായകമാണ്.
ദൗർബല്യം: 8 മത്സരങ്ങളിൽ നിന്ന് 204 റൺസ് നേടിയ ക്വിന്റൻ ഡികോക്കിനെ മാറ്റിനിർത്തിയാൽ ബാറ്റർമാരുടെ പട്ടികയിലെ ആദ്യ 15ൽ ഒരു ദക്ഷിണാഫ്രിക്കൻ താരംപോലും ഇല്ല. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ആദ്യ 5ൽ ഇടംപിടിക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു കഴിഞ്ഞിട്ടില്ല.
ഗെയിം ചെയ്ഞ്ചർ: സ്പിന്നർമാർക്ക് ആധിപത്യമുള്ള വെസ്റ്റിൻഡീസിലെ പിച്ചുകളിൽ വേഗം കൊണ്ട് ബാറ്റർമാരെ ഞെട്ടിച്ച ബോളറാണ് ആൻറിച് നോർട്യ. 8 മത്സരങ്ങളിൽനിന്ന് 5.64 ഇക്കോണമി റേറ്റിൽ 13 വിക്കറ്റാണ് നോർട്യയുടെ സമ്പാദ്യം. അപ്രതീക്ഷിത ബൗൺസും 150 കിലോമീറ്റർ വേഗത്തിനു മുകളിലുള്ള പേസുമായി പറന്നിറങ്ങുന്ന നോർട്യയുടെ പന്തുകൾ ബാറ്റർമാരുടെ പേടിസ്വപ്നമാണ്. പുൾ ഷോട്ടിന്റെ ആശാനായ രോഹിത് ശർമയെയും ഷോട്ട് ബോളുകളിൽ പതറുന്ന വിരാട് കോലിയെയും നോർട്യ തന്റെ ബൗൺസറുകളിലൂടെ പരീക്ഷിക്കും.