ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ച് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് രണ്ടാം കിരീടം
Mail This Article
ബാർബഡോസ് ∙ ലോഹത്തിൽ തീർത്ത ട്വന്റി20 ലോകകപ്പിന് മോഹത്താൽ മിനുക്കുപണി തീർത്ത് ഇന്ത്യ! സ്വന്തം മണ്ണിൽ കൈവിട്ടു പോയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സങ്കടം മറക്കാൻ ഇന്ത്യയ്ക്കിനി ട്വന്റി20 ലോകകപ്പിലെ ലോകകിരീടം. ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 8ന് 169.
വിരാട് കോലി (59 പന്തിൽ 76 റൺസ്), അക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ജസ്പ്രീത് ബുമ്രയുടെ (2–18) നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകടനവുമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഹെയ്ൻറിച്ച് ക്ലാസന്റെ (27 പന്തിൽ 52) വെടിക്കെട്ട് ഇന്നിങ്സിലൂടെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചു വാങ്ങി.
അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യന്തര ട്വന്റി20 ക്രിക്കറ്റിൽനിന്ന് ഈ കിരീടവിജയത്തോടെ താൻ വിരമിക്കുകയാണെന്ന് വിരാട് കോലി പ്രഖ്യാപിച്ചു.
ത്രിവർണപ്പകിട്ട്
തെളിഞ്ഞ ആകാശവും നിറഞ്ഞ ഗാലറിയുമായി പ്രസന്നമായ അന്തരീക്ഷത്തിൽ വിജയത്തിനു വേണ്ടി ഇന്ത്യ കാത്തിരുന്നത് അവസാന ഓവർ വരെ. ഹാർദിക് പാണ്ഡ്യയുടെ അഞ്ചാം പന്തിൽ കഗീസോ റബാദ പുറത്തായതോടെ തന്നെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം തുടങ്ങിയിരുന്നു.
അവസാന പന്തിൽ ദക്ഷിണാഫ്രിക്ക സിംഗിളിൽ ഒതുങ്ങിയതോടെ അതു മൈതാനത്തേക്കും പടർന്നു. കോലി ത്രിവർണ നിറമാർന്ന ആകാശത്തേക്കു വിരൽ ചൂണ്ടി. ഹാർദിക് നിലത്തു മുട്ടുകുത്തി വിതുമ്പിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ വിജയമൈതാനത്ത് സർവം മറന്നു കിടന്നു. ഉജ്വലബോളിങ്ങിലൂടെ വിജയശിൽപിയായ ജസ്പ്രീത് ബുമ്ര ഭാര്യയും കമന്റേറ്ററുമായ സഞ്ജന ഗണേശനെ കെട്ടിപ്പുണർന്നു.
സൂര്യോദയം
ഹെയ്ൻറിച്ച് ക്ലാസന്റെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക കളിയിൽ മുൻതൂക്കം നേടിയ സമയത്ത് ആദ്യം ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഹാർദിക് പാണ്ഡ്യ. 16–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക്കിന്റെ ഓഫ്സൈഡിനു പുറത്തു വന്ന പന്തിൽ ബാറ്റു വീശിയ ക്ലാസനു പിഴച്ചു. ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിൽ. മൗനമായിരുന്ന ഗാലറിയിൽ വീണ്ടും ആരവങ്ങളുയർന്നു തുടങ്ങി.
അടുത്ത ഊഴം ബുമ്രയുടേത്. 18–ാം ഓവറിൽ മാർക്കോ യാൻസന്റെ ബാറ്റിനും പാഡിനുമിടയിലൂടെ നൂർന്നു കയറിയ പന്ത് സ്റ്റംപിളക്കി. ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ പിന്നെ തടസ്സമായി ഉണ്ടായിരുന്നത് ഡേവിഡ് മില്ലർ. ഹാർദിക്കിന്റെ അവസാന ഓവറിലെ ആദ്യ പന്ത് മില്ലർ ലോങ് ഓഫിലേക്കു തൂക്കി. സിക്സ് എന്നുറപ്പിച്ച പന്ത് ബൗണ്ടറിക്കരികെ ഉയർന്നു ചാടി തട്ടിയിട്ട് നിലത്തു വീഴും മുൻപേ സൂര്യ കയ്യിലൊതുക്കി. ഇന്ത്യയുടെ വിജയസൂര്യൻ തെളിഞ്ഞ നിമിഷം.