രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ, മറ്റു ഫോർമാറ്റുകളിൽ മികച്ച പ്രകടനം തുടരുമെന്ന് ഓൾറൗണ്ടര്‍
Mail This Article
മുംബൈ∙ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയതിന്റെ പിറ്റേന്നാണ് ഇനി ട്വന്റി20 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നില്ലെന്ന് ജഡേജ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ തുടർന്നും കളിക്കുമെന്നും രവീന്ദ്ര ജഡേജ അറിയിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ജഡേജ.
‘‘കൃതജ്ഞതയോടെയാണ് ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിട പറയുന്നത്. രാജ്യത്തിനായി എന്റെ ഏറ്റവും മികച്ച പ്രകടനമാണു ഞാൻ എപ്പോഴും നൽകുന്നത്. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ ഇനിയും അതു തുടരും.’’– രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും രവീന്ദ്ര ജഡേജ വ്യക്തമാക്കി. 2009 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ജഡേജ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്.
ട്വന്റി20യിൽ 74 മത്സരങ്ങളിൽനിന്ന് 515 റൺസ് സ്വന്തമാക്കി. 54 വിക്കറ്റുകളും താരം ട്വന്റി20യിൽ വീഴ്ത്തി. ആറ് ട്വന്റി20 ലോകകപ്പുകളിൽ ജഡേജ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ഫീൽഡിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായ താരമാണു ജഡേജ. രോഹിത് ശർമയും രവീന്ദ്ര ജഡേജയും ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരുമിച്ചാണ് അരങ്ങേറ്റ മത്സരം കളിച്ചത്. 2006 ലെ ദേവ്ധർ ട്രോഫിയിൽ വെസ്റ്റ് സോണിനു വേണ്ടിയായിരുന്നു ഇത്.