ADVERTISEMENT

ബാർബഡോസ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാൻ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി ലൈനിൽനിന്നു മനോഹരമായ ക്യാച്ചെടുത്താണ് സൂര്യകുമാര്‍ യാദവ് മില്ലറെ മടക്കിയത്. ഡേവിഡ് മില്ലറുടെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകളും ഇല്ലാതായിരുന്നു. വിജയത്തിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഒരോവറിൽ 16 റൺസ് വേണ്ടപ്പോഴായിരുന്നു മില്ലറുടെ പുറത്താകൽ.

ക്യാച്ചെടുക്കുമ്പോൾ സൂര്യകുമാർ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ കണ്ടെത്തൽ. മില്ലറുടെ ഷോട്ടിൽ സിക്സർ നൽകേണ്ടതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടക്കം പങ്കുവച്ച് ഇവർ അവകാശപ്പെടുന്നത്. പാണ്ഡ്യയുടെ ഫുൾ ടോസ് പന്ത് മില്ലർ അടിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ലോങ് ഓണിൽ സൂര്യകുമാർ യാദവ് പിടിച്ചെടുക്കുകയായിരുന്നു.

ബൗണ്ടറിയിലേക്കു കയറും മുൻപ് സൂര്യ പന്ത് പുറത്തേക്ക് എറിഞ്ഞു, പിന്നീട് ഗ്രൗണ്ടിലേക്കു തിരിച്ചെത്തി വീണ്ടും പിടിച്ചെടുത്തു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ കമന്റേറ്റർമാർ വിശേഷിപ്പിച്ചത്. ലോങ് ഓണിൽ ബൗണ്ടറി റോപ് നേരത്തേ തീരുമാനിച്ച ഇടത്തുനിന്നും നീങ്ങിക്കിടന്നതായാണു ചിലരുടെ കണ്ടെത്തൽ. അംപയർ കൂടുതൽ ആംഗിളുകളിൽ ദൃശ്യങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കണമായിരുന്നെന്നും ഇവർ വാദിക്കുന്നു.

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഏഴു റൺസ് വിജയമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. 2007ല്‍ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176, ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റിന് 169. അർധ സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം.

English Summary:

Video Featuring Suryakumar Yadav's Catch Triggers Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com