ADVERTISEMENT

ബാർബഡോസ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് നേടിയതിന്റെ ആരവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ലോകമാകെയുള്ള ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ രാജ്യത്തിന്റെ ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ്. ഫൈനലിനുശേഷമുള്ള മത്സരചർച്ചകളും താരങ്ങൾക്കുള്ള അഭിനന്ദങ്ങളും തുടരുന്നു. ബിസിസിഐ ഉൾപ്പെടെ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമ്മാനത്തുകയായി ടീമിന് 125 കോടി രൂപ നൽകുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.

ലോകകപ്പുമായി ഇന്ത്യൻ താരങ്ങൾ നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഫൈനൽ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷവും ടീമിന് വെസ്റ്റിൻഡീസിൽനിന്നു തിരികെയെത്താൻ സാധിച്ചിട്ടില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളം അടച്ചതാണ് ഇന്ത്യൻ താരങ്ങൾ വെസ്റ്റിൻഡീസിൽ കുടുങ്ങാൻ കാരണം.

കാറ്റഗറി 4ൽ ഉൾപ്പെടുന്ന ബെറിൽ ചുഴലിക്കാറ്റ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി ബാർബഡോസ് വഴി കടന്നുപോകുമെന്നായിരുന്നു മുന്നറിയിപ്പ്. തെക്കൻ തീരത്ത് നിന്ന് ഏകദേശം 80 മൈൽ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. നിലവിൽ ഹിൽട്ടൺ ഹോട്ടലിലാണ് ഇന്ത്യ താമസിക്കുന്നത്. ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് എത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഞായറാഴ്ച വൈകിട്ടു മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തന്നെ പുറപ്പെട്ടിരുന്നു.

ഇന്ത്യയിലെത്തിയതിന് ശേഷം ടീമിനായി അനുമോദന ചടങ്ങ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ‘‘നിങ്ങളെ പോലെ ഞങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. യാത്രയെക്കുറിച്ച് വ്യക്തമായ ശേഷം, അനുമോദന ചടങ്ങിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കും.’’– ജയ് ഷാ ബാർബഡോസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English Summary:

Hurricane warning leaves India stranded in Barbados after World Cup triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com