ദിനേശ് കാർത്തിക് ഇനി പരിശീലകൻ; ബാറ്റിങ് കോച്ചും ടീം മെന്ററുമായി നിയമിച്ച് ആർസിബി
Mail This Article
ബെംഗൂരു∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററുമായി നിയമിതനായി ദിനേശ് കാർത്തിക്. 2024 ഐപിഎൽ സീസൺ വരെ ആർസിബി ടീമിന്റെ ഭാഗമായിരുന്നു ദിനേശ് കാർത്തിക്. ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരത്തെ ടീമിന്റെ കോച്ചും മെന്ററുമായി ആർസിബി നിയമിച്ചത്. 2022 മെഗാ ലേലത്തിലടെയാണ് ദിനേശ് കാർത്തിക്, ആർസിബിയിൽ എത്തുന്നത്. ഇതിനു മുൻപ് 2015 സീസണിലും താരം ആർസിബിയുടെ ഭാഗമായിരുന്നു. 2024 സീസണിൽ 13 ഇന്നിങ്സുകളിൽ നിന്നായി 187.35 സ്‌ട്രൈക്ക് റേറ്റിൽ 326 റൺസായിരുന്നു കാർത്തിക്കിന്റെ സമ്പാദ്യം.
ടൂർണമെന്റിൽ മൊത്തത്തിൽ ആർസിബിക്ക് വേണ്ടി 60 മത്സരങ്ങൾ കളിച്ച കാർത്തിക് 24.65 ശരാശരിയിലും 162.95 സ്ട്രൈക്ക് റേറ്റിലും 937 റൺസ് നേടി. നിലവിൽ വിരാട് കോലിക്ക് പിന്നിൽ, ഐപിഎലിൽ ആർസിബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമാണ്. 2008 മുതൽ ഐപിഎലിന്റെ എല്ലാ എഡിഷനുകളിലും ഇടംപിടിച്ച ഏഴു കളിക്കാരിൽ ഒരാളാണ് കാർത്തിക്. ഡൽഹി ഡെയർഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ആർസിബി എന്നീ ആറ് ഐപിഎൽ ടീമുകളിൽ കളിച്ചിട്ടുണ്ട്.
ഐപിഎലിൽ ആകെ 257 മത്സരങ്ങൾ കളിച്ച കാർത്തിക്, 26.31 ശരാശരിയിൽ 4842 റൺസ് നേടി. 22 അർധസെഞ്ചറികളും താരത്തിന്റെ പേരിലുണ്ട്. വിക്കറ്റ്. കീപ്പർ എന്ന നിലയിൽ, മൊത്തത്തിലുള്ള പുറത്താക്കലുകളിൽ എം.എസ്. ധോണിക്ക് (190) പിന്നിൽ രണ്ടാമതാണ് കാർത്തിക് (174).