‘പന്ത് പുറത്തായ രീതി അംഗീകരിക്കാനാവില്ല; മൂന്നാം നമ്പറിൽ ഒരു ബാറ്റർ ശ്രദ്ധിച്ചുകളിച്ചേ മതിയാകൂ’
Mail This Article
ഒരു ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും ഉൾച്ചേർന്നതായിരുന്നു ഇന്ത്യ– ദക്ഷിണാഫ്രിക്ക പോരാട്ടം. വിജയദൂരവും പരാജയഭാരവും ഇരുടീമുകളെയും പലവട്ടം മോഹിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ഇന്ത്യ വിജയമധുരം നുണഞ്ഞെങ്കിലും തലയുയർത്തിത്തന്നെയാണ് ദക്ഷിണാഫ്രിക്ക മടങ്ങുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതു മുതൽ ഫീൽഡർമാരെ വിന്യസിക്കുന്നതിലും ബോളിങ് മാറ്റങ്ങളിലും ഉൾപ്പെടെ രോഹിത് ശർമയെന്ന ക്യാപ്റ്റന്റെ മികവ് നമ്മൾ കണ്ടു.
ക്വിന്റൻ ഡികോക്കിനെ വീഴ്ത്തിയ നീക്കം ഉൾപ്പെടെ അതിന് ഉദാഹരണം. കഴിഞ്ഞ മത്സരങ്ങളിലെ അതേ ആക്രമണശൈലിയിലാണ് ഫൈനലിലും വിരാട് കോലി തുടങ്ങിയത്. പക്ഷേ, തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ കോലിയുടെ സമീപനം മാറി. ഇതാണ് ടീം ഇന്ത്യയ്ക്കും കോലിക്കും ഗുണം ചെയ്തത്. അക്ഷർ പട്ടേലിന്റെ ഇന്നിങ്സും ഏറെ പ്രശംസയർഹിക്കുന്നു. ഋഷഭ് പന്ത് പുറത്തായ രീതി അംഗീകരിക്കാനാവില്ല.
മൂന്നാം നമ്പറിൽ എത്തുന്ന ഒരു ബാറ്റർ അൽപംകൂടി ശ്രദ്ധിച്ചുകളിച്ചേ മതിയാകൂ. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ പന്തിനോളം പിന്തുണയും സംരക്ഷണവും ലഭിച്ച മറ്റൊരു താരം ഉണ്ടോ എന്നു സംശയമാണ്.
ടൂർണമെന്റിൽ ഇതുവരെ സ്പിന്നർമാരാണ് ഇന്ത്യയ്ക്കായി തിളങ്ങിയതെങ്കിൽ ഫൈനലിൽ പേസർമാർ ആ ദൗത്യം ഏറ്റെടുത്തു. ബുമ്ര മികവുതുടർന്നപ്പോൾ ഹാർദിക്കിന്റെ സ്പെൽ മത്സരത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി. സൂര്യകുമാർ യാദവിന്റെ ക്യാച്ച് കൂടി ആയപ്പോൾ ട്വന്റി20 ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യൻ മുത്തം പതിച്ചു.