‘പാക്ക് വിജയത്തിൽ ഇന്ത്യൻ ഡ്രസിങ് റൂമിൽ കാര്യമായ ആഘോഷമില്ല, കുൽദീപ് ലോകകപ്പ് ട്രോഫി കയ്യിൽ തന്നു’
Mail This Article
ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസർ സിബി ഗോപാലകൃഷ്ണൻ, ടീമിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ‘‘സ്വർഗത്തിലോ അതോ നമ്മൾ സ്വപ്നത്തിലോ എന്ന സിനിമാഗാനമാണ് ഇപ്പോൾ ഓർമവരുന്നത്. 31 ദിവസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് മാമാങ്കത്തിന് തിരശീല വീഴുമ്പോൾ ഈ മോഹക്കപ്പ് ഇങ്ങനെ ചേർത്തുപിടിക്കാൻ സാധിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസറായി നിയമിതനായതു മുതൽ എന്തെന്നില്ലാത്ത ആവേശമായിരുന്നു എനിക്ക്. ആദ്യ ദിവസം മുതൽ ടീമിലൊരാളായി ഞാൻ മാറി.
ഇന്ത്യൻ താരങ്ങളെക്കുറിച്ച് പലതും കേട്ടിട്ടുണ്ടെങ്കിലും മുൻധാരണകളെല്ലാം മാറ്റിമറിക്കുന്ന രീതിയിലായിരുന്നു എല്ലാവരുടെയും പെരുമാറ്റം. പ്രഫഷനസിലത്തിന്റെ അങ്ങേയറ്റമാണ് എല്ലാവരും. നമ്മൾ 10 മണിക്ക് ഹോട്ടലിൽ നിന്ന് ഇറങ്ങണമെന്നു പറഞ്ഞാൽ 9.58ന് എല്ലാവരും ബസിൽ എത്തിയിട്ടുണ്ടാകും. അത്രയും കൃത്യനിഷ്ഠയും ചിട്ടയുമാണ് ടീമിലെ ഓരോ അംഗത്തിനും. ഇതൊക്കെ പറഞ്ഞാലും 31 ദിവസം കണ്ട ടീമേ ആയിരുന്നില്ല കപ്പ് നേടിയ ശേഷം ഞാൻ കണ്ടത്. പലരും കുട്ടികളെപ്പോലെ കണ്ണീർവാർത്തു. ട്രോഫിക്കൊപ്പം ഫോട്ടോ എടുത്തിട്ടും എടുത്തിട്ടും ആർക്കും മതിവരുന്നില്ല. അതിനിടെ കുൽദീപ് യാദവാണ് എന്റെ കയ്യിലേക്ക് ട്രോഫി വച്ചുതന്നത്.
അരങ്ങേറ്റ ലോകകപ്പിൽ തന്നെ കപ്പ് സ്വന്തമാക്കിയ ‘ലെയ്സൻ ഓഫിസർ’ എന്ന ഗരിമയോടെ ഞാനാ ട്രോഫി ഏറ്റുവാങ്ങി. ഫൈനലിലെ അവസാന ഓവറുകളിൽ ഞാൻ ഉൾപ്പെടെ ഡ്രസിങ് റൂമിലുള്ള പലർക്കും സമ്മർദം അനുഭവപ്പെട്ടെങ്കിലും മത്സരം ജയിക്കുമെന്നും കിരീടം സ്വന്തമാക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഞങ്ങളുടെ ബോളർമാരിലുള്ള വിശ്വാസമായിരുന്നു അതിനു കാരണം. ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കിലും സഞ്ജുവും വളരെ ആത്മവിശ്വാസത്തോടെയാണ് ഓരോ പരിശീലന സെഷനിലും എത്തിയത്. ഫൈനലിനു ശേഷം സഞ്ജുവുമായി ഞാൻ ഒരു അഭിമുഖവും നടത്തിയിരുന്നു.
പാക്കിസ്ഥാനെതിരായ മത്സരശേഷം ഡ്രസിങ് റൂമിൽ കാര്യമായ ആഘോഷമുണ്ടായിരുന്നില്ല. പാക്കിസ്ഥാനെ തോൽപിച്ചതിൽ സന്തോഷമില്ലേ എന്ന് ഒരു സീനിയർ താരത്തോട് ഞാൻ ചോദിച്ചു. ‘ഞങ്ങൾ ഇവിടെ വന്നത് പാക്കിസ്ഥാനെ തോൽപിക്കാനല്ല, കിരീടം നേടാനാണ്. അതു കഴിഞ്ഞേ ആഘോഷമുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ആത്മസമർപ്പണവും അതിയായ കീരീടമോഹവുമാണ് എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് കിരീടം നേടാൻ ഞങ്ങളെ സഹായിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.’’കരുനാഗപ്പള്ളി സ്വദേശിയായ സിബി, 20 വർഷമായി വെസ്റ്റിൻഡീസിലെ സെന്റ് ലൂസിയയിലാണ് താമസം. നിലവിൽ സെന്റ് ലൂസിയ നാഷനൽ ക്രിക്കറ്റ് അസോസിയേഷൻ ട്രഷററാണ്.
(തയാറാക്കിയത് അര്‍ജുൻ രാധാകൃഷ്ണന്‍)