ട്വന്റി20 ലോകകപ്പ് പൊൻമുട്ടയിടുന്ന താറാവാണ്, അതിനെ കഴുത്തുഞെരിച്ച് കൊല്ലരുത് !
Mail This Article
ആവേശകരമായ ഫൈനലോടെ ട്വന്റി20 ലോകകപ്പിനു തിരശീല വീണു. ബാർബഡോസിൽ നടന്ന ഫൈനൽ ഇത്ര ആകർഷകമാക്കിയത് അവിടത്തെ പിച്ചിന്റെ നിലവാരം കൂടിയാണ്. എന്നാൽ, ബാക്കി പിച്ചുകളുടെ കാര്യത്തിൽ അതായിരുന്നില്ലല്ലോ സ്ഥിതി. ക്രിക്കറ്റിന്റെ വിപണന സാധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള ഫോർമാറ്റാണ് ട്വന്റി20. മത്സരങ്ങളിൽ ചെറിയ സ്കോർ വരുന്നതും അത് പിന്തുടർന്നു ജയിക്കാൻ വമ്പൻ ടീമുകൾ പോലും കഷ്ടപ്പെടുന്നതും കാണികളെ നിരാശപ്പെടുത്തും.
ബോളർമാർക്കു കൂടി ആനുകൂല്യം ലഭിക്കുന്ന പിച്ച് നല്ലതാണെങ്കിലും പ്രവചനാതീതമായ ബൗൺസും പേസുമുള്ള ഇത്തരം വിക്കറ്റുകൾ ട്വന്റി20 മത്സരങ്ങളുടെ ആവേശം കെടുത്തും. ലോകകപ്പ് പോലുള്ള പ്രധാന ടൂർണമെന്റുകളിലെങ്കിലും പിച്ചുകളുടെ നിലവാരം ഉറപ്പാക്കാൻ ഐസിസി കൂടുതൽ കാര്യക്ഷമമായി ഇടപെടണം. ഈ ടൂർണമെന്റ് ഐസിസിക്കു വൻ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന് ഉറപ്പാണ്. എന്നാൽ, ഫൈനലിലെ നിറഞ്ഞുകവിഞ്ഞ ഗാലറി കണ്ടപ്പോൾ വെസ്റ്റിൻഡീസിൽ നടന്ന മറ്റു ചില മത്സരങ്ങളിലെ ശുഷ്കിച്ച ജനപങ്കാളിത്തം ഓർമ വന്നു.
ഗയാന പോലുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസമാണത്രേ ഇതിനു പ്രധാന കാരണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ടെലിവിഷൻ സംപ്രേഷണം കണക്കിലെടുത്ത് പല പ്രധാന മത്സരങ്ങളും പകൽ സമയം നടത്തിയതും കാണികളുടെ എണ്ണം കുറയാൻ കാരണമായി. അതിനാൽ ഇത്തരം ടൂർണമെന്റുകൾക്ക് വേദികൾ തിരഞ്ഞെടുക്കുമ്പോൾ ഐസിസി കൂടുതൽ ശ്രദ്ധിക്കണം. ഒരു ടൂർണമെന്റിലെ ഒന്നാം സെമിഫൈനൽ മഴമൂലം നഷ്ടപ്പെട്ടാൽ റിസർവ് ഡേ ഏർപ്പെടുത്തുകയും രണ്ടാം സെമിഫൈനലിനു റിസർവ് ഡേ ഇല്ലാതിരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം മനസ്സിലാകുന്നില്ല. ടൂർണമെന്റിന്റെ നടത്തിപ്പ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ ഏൽപിച്ച് ഐസിസി കാഴ്ചക്കാരായി നിന്നതാകാം ഇത്തരം തീരുമാനങ്ങൾക്കു കാരണമായത്.
അതേസമയം, ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ചത് നല്ലകാര്യമാണ്. ചെറിയ ടീമുകൾ പ്രകടനത്തിൽ മികവു പുലർത്തിയതും ശ്രദ്ധേയം. നേപ്പാൾ, യുഎസ്എ ടീമുകൾ വമ്പൻമാരെ വിറപ്പിച്ചു. ടൂർണമെന്റ് അവസാനിച്ചതിനു പിന്നാലെ ഐസിസിയോട് ഒരു അഭ്യർഥന– ട്വന്റി20 ലോകകപ്പ് പൊൻമുട്ടയിടുന്ന താറാവാണ്. അതിനെ കഴുത്തുഞെരിച്ച് കൊല്ലരുത് !