ലോകകപ്പ് ഫൈനലിൽ ബൗണ്ടറി ലൈനിൽ കൃത്രിമമില്ല, നേരത്തേ തീരുമാനിച്ച ഇടമെന്നു വിശദീകരണം
Mail This Article
ബാർബഡോസ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിനിടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറെ ബൗണ്ടറി ലൈനിനു സമീപത്തുവച്ച് സൂര്യകുമാർ യാദവ് ക്യാച്ചെടുത്തു പുറത്താക്കിയത് ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിര്‍ണായകമായിരുന്നു. മില്ലറുടെ പുറത്താകലോടെ അവസാന ഓവറിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മുന്നിൽ വീണു. ഏഴു റൺസ് വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. ഇതോടെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമെന്ന ടീം ഇന്ത്യയുടെ സ്വപ്നവും സഫലമായി.
അതേസമയം ഡേവിഡ് മില്ലറുടെ ക്യാച്ച് എടുക്കുമ്പോൾ സൂര്യകുമാർ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നെന്നും, ബൗണ്ടറി ലൈനിലെ റോപ് ഇടം മാറിയാണു കിടന്നിരുന്നതെന്നും സമൂഹമാധ്യമത്തിൽ ചിലർ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ബൗണ്ടറി റോപ് ഇടം മാറിയല്ല കിടന്നിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഫൈനൽ നടന്ന ഗ്രൗണ്ടിൽ മാർക് ചെയ്ത പോലെ കാണുന്ന ഇടമല്ല ബൗണ്ടറി ലൈൻ. മത്സര സമയം മുഴുവൻ ബൗണ്ടറി റോപ് ഇതേ രീതിയിലാണു കിടന്നിരുന്നതെന്നും സംഘാടകർ വിശദീകരിച്ചു.
ഗ്രൗണ്ടിലെ ബൗണ്ടറി ലൈൻ ഏതാണെന്നു നേരത്തേ തീരുമാനിച്ചതാണ്. ബൗണ്ടറിയിലേക്കുള്ള ദൂരം കൃത്യമാക്കാൻ വേണ്ടി സാധാരണയുള്ള മാർക്കിൽനിന്ന് കുറച്ച് അകലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബാർബഡോസിലെ ഇതേ പിച്ചിൽ അവസാനം നടന്ന മത്സരത്തിനായി അടയാളപ്പെടുത്തിയ ലൈനാണ് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്.
മത്സരത്തിൽ ടോസ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റു നഷ്ടത്തിൽ 169 റൺസെടുക്കാന്‍ മാത്രമാണു സാധിച്ചത്.