16 മണിക്കൂർ വിമാന യാത്രയിൽ ഇന്ത്യൻ താരങ്ങൾ എന്തുചെയ്യുകയായിരുന്നു? ദൃശ്യങ്ങൾ പുറത്തുവിട്ട് ബിസിസിഐ
Mail This Article
ന്യൂഡൽഹി∙ 16 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കു ശേഷമാണ് ട്വന്റി20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ന്യൂഡൽഹിയിലെത്തിയത്. ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ലോകകപ്പ് നേടിയ ടീം ഇന്ത്യ, അഞ്ചാം ദിവസമാണു നാട്ടിലേക്കു തിരിച്ചെത്തിയത്. ബാർബഡോസിലെ കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്നു വിമാന യാത്രകൾ നിർത്തിവച്ചതോടെ ഇന്ത്യൻ താരങ്ങൾ കുടുങ്ങുകയായിരുന്നു. ഇന്നലെ ബിസിസിഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ താരങ്ങൾ യാത്ര പുറപ്പെട്ടത്. നെവാർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള മറ്റൊരു വിമാന സർവീസ് ഇതിനു വേണ്ടി റദ്ദാക്കുകയും ചെയ്തു.
16 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ എന്തു ചെയ്യുകയായിരുന്നെന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. ഇന്ത്യൻ താരങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നെങ്കിലും ആരും ചിത്രങ്ങളോ, ദൃശ്യങ്ങളോ പകർത്തിയിരുന്നില്ല. ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചതിന് നന്ദിയുണ്ടെന്നു വിമാനത്തിന്റെ പൈലറ്റ് താരങ്ങളെ അറിയിച്ചു.
ജോലി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനെ വിമാനത്തിൽവച്ച് ആദരിച്ചു. ഇന്ത്യൻ താരങ്ങളും കുടുംബങ്ങളും സപ്പോർട്ട് സ്റ്റാഫും വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. ജസ്പ്രീത് ബുമ്ര മുഴുവൻ സമയവും മകൻ അങ്കതിനൊപ്പമായിരുന്നു. യാത്രയ്ക്കിടെ ലോകകപ്പ് ട്രോഫിക്കൊപ്പം ചിത്രമെടുക്കാൻ മാധ്യമപ്രവർത്തകർക്കും അവസരം ലഭിച്ചു.
പുലർച്ചെ ആറു മണിയോടെ ടീം ഇന്ത്യ ഡൽഹിയിലെത്തി. നൂറു കണക്കിന് ആരാധകരാണ് താരങ്ങളെ സ്വീകരിക്കാൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ടീം ബസിൽ കയറി ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ഇന്ത്യൻ താരങ്ങൾ പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ഇന്ത്യൻ ടീമിന്റെ പ്രഭാതഭക്ഷണം. വൈകിട്ട് മുംബൈയിൽവച്ച് ടീമിന്റെ റോഡ് ഷോയുമുണ്ടാകും.