ബിസിസിഐക്ക് പിന്നാലെ ടീം ഇന്ത്യക്ക് പാരിതോഷികവുമായി മഹാരാഷ്ട്ര സർക്കാർ, നൽകുക 11 കോടി രൂപ
Mail This Article
മുംബൈ∙ട്വന്റി20 കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാരിതോഷികവുമായി മഹാരാഷ്ട്ര സർക്കാരും. നേരത്തെ ബിസിസിഐ 125 കോടി രൂപ ടീം ഇന്ത്യക്ക് പാരിതോഷികം നൽകിയിരുന്നു. ഇതിന് പുറമെയാണ് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ ടീമിന് പാരിതോഷികം പ്രഖ്യാപിച്ചത്.
മുംബൈയിലെ വിധാൻ സഭയിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സർക്കാർ നൽകിയ അനുമോദന ചടങ്ങിൽ വച്ചായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. രോഹിത് ശർമ ഉൾപ്പെടെ കിരീട നേട്ടത്തിൽ പങ്കാളികളായ സഹതാരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷപരിപാടികൾക്കിടെ 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചിരുന്നു. മുംബൈ നരിമാന്‍ പോയിന്റു മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീമംഗങ്ങൾ റോഡ് ഷോയും നടത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം അഞ്ച് ദിവസത്തോളം ബാർബഡോസിൽ കുടുങ്ങിയിരുന്നു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്നു വിമാന സർവീസുകൾ നിർത്തിവച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബാര്‍ബഡോസിൽ തുടർന്നത്. ബിസിസിഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ചയാണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു തിരിച്ചത്.