പകരത്തിന് പകരം വീട്ടാൻ കൊൽക്കത്ത!; ഗംഭീറിനു പകരം ദ്രാവിഡിനെ മെന്ററാക്കാൻ സമീപിച്ച് മാനേജ്മെന്റ്
Mail This Article
കൊൽക്കത്ത∙ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) മെന്ററാകാൻ ഇന്ത്യൻ ടീമിന്റെ മുൻ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ ടീം മാനേജ്മെന്റ് സമീപിച്ചതായി റിപ്പോർട്ട്. കെകെആർ മെന്ററായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മാനേജ്മെന്റ് ദ്രാവിഡിനെ പരിഗണിക്കുന്നത്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം നേടിത്തന്നതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. പകരം ഗംഭീറിനെ കോച്ചായി നിയമിക്കുകയും ചെയ്തു. ഗംഭീറിനു പകരം ദ്രാവിഡിനെ തന്നെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.
2024 ഐപിഎൽ സീസണിനു മുന്നോടിയായാണ് ഗൗതം ഗംഭീർ കൊൽക്കത്ത ടീമിന്റെ മെന്ററായി ചുമതയേൽക്കുന്നത്. രണ്ടു സീസണുകളിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഉപദേശകനായിരുന്ന ശേഷമായിരുന്നു കൊൽക്കത്തയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഗംഭീറിന്റെ തന്ത്രങ്ങളുടെ ബലത്തിൽ കൊൽക്കത്ത ഐപിഎൽ കിരീടം നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ കോച്ചാകാനുള്ള ഓഫർ അദ്ദേഹത്തെ തേടിയെത്തുന്നത്. കൊൽക്കത്തയ്ക്കൊപ്പം പത്തു വർഷം തുടരുന്നതിനായി ഗംഭീറിന് ‘ബ്ലാങ്ക് ചെക്ക്’ വരെ ടീമുടമ ഷാറൂഖ് ഖാൻ നൽകിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ബിസിസിഐ ഓഫർ സ്ഥാനം നിരസിക്കാതെ അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ഈ വിടവ് നികത്താൻ ദ്രാവിഡിനെ തന്നെ ടീമിലെത്തിക്കുകയാണ് കൊൽക്കത്ത മാനേജ്മെന്റിന്റെ ലക്ഷ്യം. 2025 സീസണിനു മുന്നോടിയായി രാഹുൽ ദ്രാവിഡിനെ ‘റാഞ്ചാൻ’ നിരവധി ടീമുകൾ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ മുൻപന്തിയിൽ കൊൽക്കത്ത തന്നെയാണ്. ഇതിനു മുൻപും ഐപിഎൽ ടീമുകളുടെ പരിശീലക, മെന്റർ സ്ഥാനങ്ങളിൽ ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ മെന്ററായും ഡൽഹി ഡെയർ ഡെവിൾസിന്റെ പരിശീലകനായിട്ടുമാണ് ദ്രാവിഡ് പ്രവർത്തിച്ചിട്ടുള്ളത്. അണ്ടർ 19, ഇന്ത്യ എ ടീമുകൾ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ജൂനിയർ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചാകുന്നതിനു മുൻപ്, ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായും പ്രവർത്തിച്ചിരുന്നു.