‘താങ്കൾ എന്റെ ‘വർക്ക് വൈഫ്’ ആണെന്നാണ് എന്റെ ഭാര്യ പറയാറ്, അതിൽ സന്തോഷം’: ദ്രാവിഡിനോട് രോഹിത്
Mail This Article
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ പരിശീലകൻ രാഹുൽ ദ്രാവിഡിനു നന്ദി പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് രോഹിത് മനസ്സുതുറന്നത്.
‘ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇത്തരമൊരു കുറിപ്പ് എഴുതണമെന്നു കരുതിയെങ്കിലും എന്റെ മനസ്സിലൂടെ കടന്നുപോയ വികാരങ്ങൾ വാക്കുകളിൽ ഒതുക്കാൻ സാധിച്ചിരുന്നില്ല. താങ്കൾ എന്റെ ‘വർക്ക് വൈഫ്’ ആണെന്നാണ് എന്റെ ഭാര്യ ഋതിക പറയാറ്. അതു കേൾക്കുമ്പോൾ എനിക്കു സന്തോഷം തോന്നും. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് താങ്കൾ. ആ താരപ്പകിട്ട് അഴിച്ചുവച്ച് ഞങ്ങളിൽ ഒരാളായാണ് എപ്പോഴും താങ്കൾ ഡ്രസിങ് റൂമിൽ ചെലവഴിച്ചത്.
ചെറുപ്പം മുതൽ ഞാൻ ആരാധിച്ചുവന്ന താരമാണ് താങ്കൾ. താങ്കൾക്കൊപ്പം കളിക്കാനും താങ്കളുടെ ശിക്ഷണത്തിൽ ലോകകപ്പ് നേടാനും സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഒരു ലോകകപ്പ് ട്രോഫിയുടെ കുറവായിരിക്കാം ഒരു പക്ഷേ, താങ്കളുടെ കരിയറിനെ അപൂർണമാക്കി നിർത്തിയിരുന്നത്. എന്നാൽ ആ കുറവ് നമ്മൾ ഒരുമിച്ച് പരിഹരിച്ചു. രാഹുൽ ഭായ്, നിങ്ങളെ എന്റെ കോച്ചായും സുഹൃത്തായും ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു’– രോഹിത്തിന്റെ കുറിപ്പിൽ പറയുന്നു.
ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ച ദ്രാവിഡ്, രോഹിത്തിന്റെ നിർബന്ധപ്രകാരമാണ് ട്വന്റി20 ലോകകപ്പ് വരെ തുടർന്നത്.