ADVERTISEMENT

ഹരാരെ∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷമുള്ള ആദ്യ മത്സരത്തിൽ സിംബാബ്‍വെയ്ക്കെതിരെ സഞ്ജു സാംസൺ കളിക്കാനിറങ്ങിയത് വൈസ് ക്യാപ്റ്റന്റെ റോളിൽ. മൂന്നാം ട്വന്റി20യില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവെത്തിയതോടെ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായിരുന്ന ധ്രുവ് ജുറേൽ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരും മൂന്നാം ട്വന്റി20യിൽ പ്ലേയിങ് ഇലവനിലെത്തി.

സീനിയർ ടീമില്‍ സഞ്ജു ആദ്യമായാണ് വൈസ് ക്യാപ്റ്റനായി കളിക്കാനിറങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി അവസാന ഓവറുകളിലാണ് സഞ്ജു ബാറ്റു ചെയ്യാനെത്തിയത്. ഏഴു പന്തുകൾ നേരിട്ട സഞ്ജു 12 റൺസുമായി പുറത്താകാതെനിന്നു. 20–ാം ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടിയ സഞ്ജു സ്കോർ 180 കടത്തി. ട്വന്റി20 ലോകകപ്പിലെ ഒരു മത്സരത്തിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടമുണ്ടായിരുന്നില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണു താരം കളിക്കാനിറങ്ങിയത്.

ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമാകാൻ വേണ്ടി, സിംബാബ്‍വെയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ സഞ്ജു കളിച്ചിരുന്നില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി. 49 പന്തുകൾ നേരിട്ട ഗിൽ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് 49 റൺസെടുത്തു. യശസ്വി ജയ്സ്വാൾ 27 പന്തിൽ 36 റൺസും സ്വന്തമാക്കി.

183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. മറുപടി ബാറ്റിങ്ങിൽ 19 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച പോരാട്ടം നടത്തിയ ശേഷമാണ് സിംബാബ്‍വെ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങിയത്. 13 ന് ഹരാരെയിലാണ് നാലാം മത്സരം.

English Summary:

Sanju Samson played as vice captain for India against Zimbabwe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com