ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, ‌നിയുക്ത പരിശീലകൻ ഗൗതം ഗംഭീർ ചീഫ് സിലക്ടർ അജിത് അഗാർക്കറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടീമിന്റെ ഭാവി സംബന്ധിച്ച് നിർണായമാകും ഈ കൂടിക്കാഴ്ചയെന്നാണ് വിവരം. രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ ആരു നയിക്കുമെന്നത് ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ടീമിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുന്ന മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്കും ഈ കൂടിക്കാഴ്ച നിർണായകമാണ്.

ശ്രീലങ്കയ്‍ക്കെതിരെ ജൂലൈ 26ന് ട്വന്റി20യോടെ ആരംഭിക്കുന്ന പരമ്പരയിൽ, മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഉള്ളത്. ഇരു പരമ്പരകൾക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കാൻ അടുത്തയാഴ്ച അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ചേരുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് പഴയ സഹതാരങ്ങൾ കൂടിയായ അഗാർക്കറും ഗംഭീറും കൂടിക്കാഴ്ച നടത്തുക.

ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ എത്തുമെന്നാണ് റിപ്പോർട്ട്. ട്വന്റി20 ലോകകപ്പിലെ ഹാർദിക്കിന്റെ പ്രകടനവും ഇക്കാര്യത്തിൽ നിർണായകമായേക്കും. മലയാളി താരം സഞ്ജു സാംസണിന് ഗംഭീറിന്റെ ടീമിലെ റോൾ എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. സഞ്ജുവിന് ടീമിൽ സ്ഥിരമായി അവസരം നൽകാത്തതിനെതിരെ മുൻപ് ശബ്ദമുയർത്തിയിട്ടുള്ള ഗംഭീർ പരിശീലകനായി എത്തുമ്പോൾ, സഞ്ജുവിന് അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ടീമിൽ അംഗങ്ങളായ മിക്കവരും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിക്കാനാണ് സാധ്യത. അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. ഇവർക്കൊപ്പം ആവേശ് ഖാനോ മുകേഷ് കുമാറോ ടീമിലെത്തും. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചാൽ മുഹമ്മദ് സിറാജിനും അർഷ്ദീപിനുമൊപ്പമാകും ഇവരിലൊരാളെ പരിഗണിക്കുക. ഋഷഭ് പന്തിനു വിശ്രമം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ, സഞ്ജുവാകും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. സിംബാബ്‍വെയിലുള്ള ധ്രുവ് ജുറേലും ടീമിലെത്തും.

കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഗംഭീറുമായി അടുത്ത ബന്ധമുള്ള താരങ്ങളാണ് ഇരുവരും. 2018ൽ ഐപിഎൽ സീസണിനിടെ ശ്രേയർ അയ്യർക്ക് നായകസ്ഥാനം ലഭിച്ചതിനു പിന്നിൽ ഗംഭീറിന്റെ ഇടപെടലുമുണ്ടായിരുന്നു. ഇത്തവണ അയ്യരും ഗംഭീറും ചേർന്നാണ് കൊൽക്കത്തയ്ക്ക് നീണ്ട ഇടവേളയ്ക്കു ശേഷം ഐപിഎൽ കിരീടം സമ്മാനിച്ചതും.

ലക്നൗ സൂപ്പർ ജയന്റ്സിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ് ഗംഭീറും രാഹുലും. ട്വന്റി20 ടീമിൽനിന്ന് പുറത്താക്കപ്പെട്ട രാഹുലിന്, ഏകദിനത്തിലെ പ്രകടനം ഏറെ നിർണായകമാണ്. ട്വന്റി20യിലും രാഹുലിന് തിരിച്ചുവരവിന് അവസരമുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ടെസ്റ്റ് ഫോർമാറ്റിൽ രോഹിത്തിന്റെ പകരക്കാരനായും രാഹുൽ എത്തിയേക്കാം. ടെസ്റ്റിൽ രാഹുൽ അല്ലെെങ്കിൽ ശുഭ്മൻ ഗില്ലാണ് പരിഗണിക്കപ്പെടാവുന്ന മറ്റൊരു താരം.

English Summary:

Gautam Gambhir to meet chief selector Ajit Agarkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com