പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് ‘ഇതിഹാസ’ കിരീടം; ലെജൻഡ്സ് ചാംപ്യൻഷിപ്പ് ചാംപ്യന്മാരായി യുവിയും സംഘവും
Mail This Article
ബർമിങ്ഹാം∙ ട്വന്റി20 ലോകകപ്പ് കിരീടം നേടി രണ്ടാഴ്ച തികയുന്ന നാൾ ‘ഇതിഹാസ’ കിരീടം കൂടി ചൂടി ഇന്ത്യ. അതും ചിരവൈരികളായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച്. പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ് പാക്കിസ്ഥാനെ തകർത്ത് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം ചൂടിയത്.
ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാംപ്യൻസിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ചാംപ്യൻസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ അമ്പാട്ടി റായിഡുവിന്റെ (30 പന്തിൽ 50) അർധസെഞ്ചറിയുടെയും ഗുർകീരത് സിങ് മാൻ (34 പന്തിൽ 33), യൂസഫ് പഠാൻ (16 പന്തിൽ 30*)സ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ജയിച്ചത്. അമ്പാട്ടി റായിഡുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. യൂസഫ് പഠാന‍് പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.
റോബിൻ ഉത്തപ്പ (8 പന്തിൽ 10), സുരേഷ് റെയ്ന (2 പന്തിൽ 4), യുവരാജ് സിങ് (22 പന്തിൽ 15*), ഇർഫാൻ പഠാൻ (4 പന്തിൽ 5*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ക്രമാൻ അക്മൽ (19 പന്തിൽ 24), ശുഹൈബ് മാലിക് (36 പന്തിൽ 41) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാൻ സ്കോർ 150 കടത്തിയത്. ഇന്ത്യയ്ക്കായി അനുരീത് സിങ് മൂന്നു വിക്കറ്റും വിനയ് കുമാർ, പവൻ നെഗി, ഇർഫാൻ പഠാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെമിഫൈനലിൽ ഓസ്ട്രേലിയ ചാംപ്യൻസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയായിരുന്നു പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം. ഗ്രൂഫ് ഘട്ടത്തിൽ പാക്കിസ്ഥാനോടും ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാലാം സ്ഥാനക്കാരായിട്ടാണ് യുവിയും സംഘവും സെമിയിലെത്തിയത്. നോക്കൗട്ടിലെ മികച്ച പ്രകടനവുമായി ചാംപ്യന്മാരായി മടക്കം.