ഐസിസി ട്വന്റി20 റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ജയ്സ്വാൾ; ഒറ്റയടിക്ക് 36 സ്ഥാനങ്ങൾ കയറി ഗിൽ
Mail This Article
ദുബായ്∙ സിംബാബ്‍വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. മൂന്നു മത്സരങ്ങൾ മാത്രം കളിച്ച ഓപ്പണർ യശസ്വി ജയ്സ്വാൾ, നാലു സ്ഥാനം മുന്നോട്ടു കയറി ആറാം റാങ്കിലെത്തി. രണ്ടാം റാങ്കിലുള്ള സൂര്യകുമാർ യാദവ് കഴിഞ്ഞാൽ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള താരവും ജയ്സ്വാളാണ്.
സിംബാബ്‍വെയിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും റാങ്കിങ്ങിൽ കാര്യമായ നേട്ടമുണ്ടാക്കി. അഞ്ച് മത്സരങ്ങളിൽനിന്ന് 170 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഗിൽ, ഒറ്റയടിക്ക് 36 സ്ഥാനങ്ങൾ കയറി 37–ാം റാങ്കിലെത്തി.
സൂപ്പർതാരങ്ങളായ വിരാട് കോലി (51–ാം റാങ്ക്), രോഹിത് ശർമ (42–ാം റാങ്ക്) എന്നിവർ വിരമിച്ചതോടെ, ഇന്ത്യൻ താരങ്ങളിൽ റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്താനും ഗില്ലിനായി. സൂര്യ (2), ജയ്‌സ്വാൾ (6) എന്നിവർക്കു പുറമേ ഗില്ലിനു മുന്നിലുള്ളത് എട്ടാം റാങ്കിലുള്ള ഋതുരാജ് ഗെയ്ക്‌വാദ് മാത്രം.
ഇത്തവണത്തെ ആറാം സ്ഥാനം, ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ്. മൂന്നു മത്സരങ്ങളിൽനിന്ന് 141 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് ജയ്സ്വാളിന് മികച്ച മുന്നേറ്റം സാധ്യമാക്കിയത്. ബോളർമാരിൽ വാഷിങ്ടൻ സുന്ദർ 36 സ്ഥാനങ്ങൾ കയറി 46–ാം റാങ്കിലെത്തി. മുകേഷ് കുമാർ 21 സ്ഥാനങ്ങൾ കയറി 73–ാം റാങ്കിലുമെത്തി. ബോളർമാരുടെ പട്ടികയിൽ ഇപ്പോഴും മുന്നിൽ ഇംഗ്ലിഷ് താരം ആദിൽ റഷീദാണ്.