ADVERTISEMENT

മുംബൈ∙ അഭ്യൂഹങ്ങൾ ശരിവച്ച് ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ് ‘പുതിയ ടീം ഇന്ത്യയെ’ വാർത്തെടുക്കാൻ ഉറച്ച് പരിശീലകൻ ഗൗതം ഗംഭീർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗൗതം ഗംഭീർ നയിച്ചിരുന്ന കാലത്ത് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിന് ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായാണ് സ്ഥാനക്കയറ്റം നൽകിയത്. ട്വന്റി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയ്ക്ക് ആ സ്ഥാനവും ഇത്തവണ ലഭിച്ചില്ല. ശ്രീലങ്കൻ പര്യടനത്തില്‍ ശുഭ്മൻ ഗില്ലാണ് ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റൻ. ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവർ മടങ്ങിയെത്തിയപ്പോൾ യുവതാരം റിയാൻ പരാഗ് രണ്ടു ടീമുകളിലും ഇടം പിടിച്ചു.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ എടുത്തിട്ടുണ്ടെങ്കിലും കളിക്കാൻ സാധ്യത കുറവാണ്. ഋഷഭ് പന്താണ് ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലേക്കു പരിഗണിച്ചാല്‍ ഒരു പക്ഷേ കളിക്കാൻ സാധിച്ചേക്കും. പക്ഷേ സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ പ്ലേയിങ് ഇലവനിൽ സഞ്ജുവിനെ എവിടെ ഇറക്കുമെന്നതാണു ചോദ്യം.

സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യൻ ടീമിനെ നയിച്ച ശുഭ്മൻ ഗില്ലിനെ ഭാവി ക്യാപ്റ്റനായാണ് ബിസിസിഐ വളർത്തിക്കൊണ്ടുവരുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ദയനീയ പ്രകടനമായിരുന്നു ഗില്ലിന്റേത്. പ്ലേ ഓഫ് കളിക്കാനാകാതെ ഗുജറാത്ത് പുറത്തായിരുന്നു. 14 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ഗുജറാത്ത് വിജയിച്ചത്. ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിൽ ആദ്യ മത്സരം തന്നെ തോറ്റെങ്കിലും, ഗില്ലിനു കീഴിൽ ഇന്ത്യ 4–1ന് പരമ്പര വിജയിച്ചിരുന്നു. ഇതോടെയാണ് രണ്ടു ടീമുകളിലും ഗില്ലിന് സ്ഥാനക്കയറ്റം നൽകാൻ ബിസിസിഐ തീരുമാനിച്ചത്.

അതേസമയം സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സെഞ്ചറി നേടിയ യുവതാരം അഭിഷേക് ശര്‍മയെ ബിസിസിഐ ട്വന്റി20 ടീമിലേക്കു പോലും പരിഗണിച്ചില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിങ്ങാണു താരം പുറത്തെടുത്തത്. ഹരാരെയിൽ നടന്ന രണ്ടാം ട്വന്റി20യിൽ അഭിഷേക് ശർമ 47 പന്തിൽ 100 റൺസെടുത്തിരുന്നു. സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും ബിസിസിഐ ഒഴിവാക്കി.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്ഷര്‍ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

English Summary:

BCCI removed Hardik Pandya from vice captain position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com