‘പണിയെടുത്താൽ ഉറപ്പായും ഫലം കിട്ടും’: ക്യാപ്റ്റൻസി ചർച്ചകൾക്കിടെ പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
Mail This Article
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ, സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 2023ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കുമായുള്ള പോരാട്ടം സൂചിപ്പിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നത് ഉൾപ്പെടെയുള്ള ഹാർദിക്കിന്റെ വാക്കുകളാണ് ചർച്ചയായത്.
‘‘2023 ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കിൽനിന്ന് മുക്തി തേടിയുള്ള യാത്ര ദുഷ്കരമായിരുന്നു. പക്ഷേ, 2024ലെ ലോകകപ്പ് വിജയത്തോടെ ആ ശ്രമങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചാൽ തീർച്ചയായും അതിന്റെ ഫലം ലഭിച്ചിരിക്കും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. നമ്മുടെ കായികക്ഷമത മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാം’ – പാണ്ഡ്യ കുറിച്ചു.
കായികക്ഷമതയേക്കുറിച്ചാണ് ഹാർദിക് സമൂഹമാധ്യമങ്ങളിൽ കുറിച്ചതെങ്കിലും, ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വന്ന പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക്, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ലെന്നാണ് വിവരം. സ്ഥിരമായി പരുക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഹാർദിക്കിനു പകരം സൂര്യകുമാർ യാദവ് നായകനാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നായകസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന വിവരം നിയുക്ത പരിശീലകൻ ഗൗതം ഗംഭീറും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പാണ്ഡ്യയെ അറിയിച്ചതായാണ് വിവരം. സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമയുടെ പിന്തുണയും സൂര്യകുമാറിനാണ് ലഭിച്ചത്. മാത്രമല്ല, ടീമംഗങ്ങളോട് അഭിപ്രായം ആരാഞ്ഞപ്പോഴും സൂര്യകുമാറിനാണ് വ്യാപക പിന്തുണ ലഭിച്ചത്.