അവസാന ഏകദിനത്തിൽ ഇന്ത്യയുടെ രക്ഷകൻ, 114 പന്തിൽ 108; സഞ്ജുവിനെ പുറത്തിരുത്തി ബിസിസിഐ
Mail This Article
മുംബൈ∙ ഇന്ത്യ അവസാനം ഒരു ഏകദിന പരമ്പര കളിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–1ന് വിജയിച്ചു. രണ്ടാം മത്സരം ജയിച്ച് പരമ്പരയിലേക്കു തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ അവസാന കളിയിൽ തോൽപിച്ചാണ് ഇന്ത്യ 2–1ന് മുന്നിലെത്തിയത്. 78 റൺസിന് വിജയിച്ചപ്പോൾ സെഞ്ചറി നേടി കളിയിലെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു.
മാസങ്ങൾക്കിപ്പുറം ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ പരമ്പര കളിക്കാനിറങ്ങുമ്പോൾ അവസാന കളിയിൽ സെഞ്ചറി നേടിയ സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കുക പോലും ചെയ്തില്ല. 15 അംഗ ടീമിൽ കെ.എൽ. രാഹുലും ഋഷഭ് പന്തുമാണു വിക്കറ്റ് കീപ്പർമാർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ 114 പന്തുകൾ നേരിട്ട സഞ്ജു 108 റൺസെടുത്തു പുറത്തായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ മലയാളി താരം മൂന്ന് സിക്സുകളും ആറ് ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. റിസാഡ് വില്യംസിന്റെ പന്തിൽ റീസ ഹെൻറിക്സ് ക്യാച്ചെടുത്താണു മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 45.5 ഓവറില്‍ 218 റൺസെടുക്കാൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചത്. ശ്രീലങ്കൻ പര്യടനത്തില്‍ രോഹിത് ശർമ നയിക്കുന്ന ഏകദിന ടീമിൽ ശുഭ്മൻ ഗില്ലാണു വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്ത്, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന് ടീമിൽ അവസരമില്ലാതെ പോയത്. അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ലക്ഷ്യമിട്ടാണ് ഇന്ത്യ ഏകദിന ടീമിനെ ഒരുക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പര കഴിഞ്ഞാൽ പിന്നെ അഞ്ച് മാസത്തോളം ഇന്ത്യ ഏകദിന പരമ്പര കളിക്കില്ല. ചാംപ്യൻസ് ട്രോഫിക്കു മുന്‍പ് ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഏകദിനം കളിക്കാനുള്ളത്. അതുകൂടി മുന്നിൽ കണ്ടാണ് പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ ഏകദിന ടീമിനെ ഇറക്കുന്നത്. നേരത്തേ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം നൽകാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ നിർബന്ധിച്ചതോടെ ഏകദിന പരമ്പര കളിക്കാൻ ഇരുവരും സമ്മതിക്കുകയായിരുന്നു.
ശ്രേയസ് റിട്ടേൺസ്
അച്ചടക്ക നടപടിയുടെ പേരിൽ ബിസിസിഐയുടെ വാർഷിക കരാറിൽനിന്നു പുറത്തായ ശ്രേയസ് അയ്യർ ഏകദിന ടീമിലേക്കു തിരിച്ചെത്തി. ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നതിന്റെ പേരിൽ ബിസിസിഐയുമായി ഇടഞ്ഞതോടെയാണ് ശ്രേയസ് കരാറിൽനിന്നു പുറത്തായത്. ട്വന്റി20 ലോകകപ്പിനുള്ള ടീമിലും അയ്യർക്ക് ഇടമുണ്ടായിരുന്നില്ല. 2024 ഐപിഎല്ലിൽ ശ്രേയസ് അയ്യർ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയിരുന്നു. കൊൽക്കത്തയുടെ മെന്ററായ ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായതോടെയാണ് ശ്രേയസ് അയ്യർ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയത്.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്ഷര്‍ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.