ചാംപ്യൻസ് ട്രോഫിക്കായി കോലി പാക്കിസ്ഥാനിൽ വരണം, ഞങ്ങളുടെ ആഗ്രഹമാണ്: തുറന്നുപറഞ്ഞ് യൂനിസ്– വിഡിയോ
Mail This Article
ഇസ്‍ലാമാബാദ്∙ ഇത്തവണ ചാംപ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ നടക്കുന്നതിനാൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ, വിരാട് കോലി പാക്കിസ്ഥാനിൽ കളിക്കണമെന്ന ആഗ്രഹം പങ്കുവച്ച മുൻ പാക്ക് താരം യൂനിസ് ഖാന‍് രംഗത്ത്. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ കളിക്കുന്നതിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യർഥിച്ചു.
സൂപ്പർതാരം വിരാട് കോലിയുടെ കരിയറിൽ ശേഷിക്കുന്ന ഒരേയൊരു കാര്യം പാക്കിസ്ഥാനിൽ വന്ന് കളിക്കുക എന്നതാണെന്നും, ഇത്തവണ അത് സാധ്യമാക്കണമെന്നുമാണ് യൂനിസിന്റെ ആവശ്യം.
‘‘2025 ചാംപ്യൻസ് ട്രോഫിക്കായി വിരാട് കോലി പാക്കിസ്ഥാനിൽ വരണം. അത് ഞങ്ങളുടെ ഒരു ആഗ്രഹം കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ വിരാട് കോലിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു കാര്യം, പാക്കിസ്ഥാനിൽ വന്ന് കളിക്കുക എന്നതു മാത്രമാണ്’’ – യൂനിസ് ഖാൻ ഒരു പാക്ക് ചാനലിൽ പറഞ്ഞു.
കോലിക്ക് ഒട്ടേറെ ആരാധകരുള്ള പാക്കിസ്ഥാനിലേക്ക്, അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ അയയ്ക്കണമെന്ന് മുൻ പാക്ക് താരം ഷാഹിദ് അഫ്രീദിയും ആവശ്യപ്പെട്ടിരുന്നു.
‘‘ഇന്ത്യൻ ടീമിനെ ഞങ്ങൾ പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ഇന്ത്യയിൽ പര്യടനത്തിനായി പോയിരുന്ന സമയത്തും അവിടെനിന്ന് വലിയ സ്നേഹവും ആദരവും ലഭിച്ചിരുന്നു. 2005–06 കാലഘട്ടത്തിൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ വന്നപ്പോൾ ഇവിടുത്തെ ആരാധകരുടെ സ്നേഹം അവരും അനുഭവിച്ചിട്ടുള്ളതാണ്. ഇരു രാജ്യങ്ങളും പരസ്പരം സന്ദർശനം നടത്തി ക്രിക്കറ്റ് കളിക്കുന്നതിനേക്കാൾ വലിയ സമാധാന നീക്കമുണ്ടോ? കോലി പാക്കിസ്ഥാനിലേക്കു വന്നാൽ, ഇന്ത്യയിൽ ലഭിക്കുന്ന സ്നേഹവും ആദരവും അദ്ദേഹം മറന്നുപോകും’’ – ഇതായിരുന്നു അഫ്രീദിയുടെ വാക്കുകൾ.