സമ്പൂർണ ആധിപത്യം, ബംഗ്ലദേശിനെതിരെ 10 വിക്കറ്റ് വിജയവുമായി ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ
Mail This Article
ദാംബുല്ല∙ ബംഗ്ലദേശിനെ തകർത്ത് വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ആദ്യ സെമി ഫൈനലില്‍ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലദേശ് ഉയർത്തിയ 81 റൺസ് വിജയലക്ഷ്യത്തിലേക്ക് 11 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യയെത്തി. 54 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ഗംഭീര വിജയം. ഞായറാഴ്ച വൈകിട്ടാണ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടും.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ രേണുക സിങ്ങും രാധ യാദവും ചേർന്നാണ് എറിഞ്ഞൊതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പൂജ വാസ്ത്രകാറും ദീപ്തി ശർമയും ഓരോ വിക്കറ്റു നേടി. 51 പന്തിൽ 32 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നിഗറിനു പുറമേ ഷൊർണ അക്തറും ബംഗ്ലദേശ് നിരയിൽ രണ്ടക്കം കടന്നു. 20 ഓവർ ബാറ്റു ചെയ്തെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സ് നേടാന്‍ മാത്രമാണു ബംഗ്ലദേശിനു സാധിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. 39 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു. ഓപ്പണര്‍ ഷെഫാലി വർമ 26 റൺസുമായി പുറത്താകാതെനിന്നു. വനിതാ ട്വന്റി20യിൽ ഇന്ത്യയുടെ ടോപ് സ്കോററെന്ന നേട്ടം തകർപ്പൻ ബാറ്റിങ്ങിലൂടെ സ്മൃതി മന്ഥന സ്വന്തമാക്കി. 3433 റൺസാണ് സ്മൃതി ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത്. രണ്ടാമതുള്ള ഹർമൻ പ്രീത് കൗറിന് 3415 റൺസുണ്ട്. ഏഷ്യാകപ്പിൽ ഇന്ത്യയുടെ അഞ്ചാം ഫൈനലാണിത്.