ഞെട്ടിച്ച് ശ്രീലങ്കൻ കുതിപ്പ്, ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതാ ടീമിനു തോൽവി
Mail This Article
ദാംബുള്ള∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയോടു തോറ്റ് ഇന്ത്യ. രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക തകർത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെടുത്തു. രണ്ടു വിക്കറ്റിന് 18.4 ഓവറിൽ ശ്രീലങ്ക വിജയ റൺസ് കുറിക്കുകയായിരുന്നു. എട്ടു പന്തുകൾ ബാക്കി നിൽക്കെയാണ് ലങ്കയുടെ വിജയം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. 47 പന്തുകൾ നേരിട്ട സ്മൃതി 60 റൺസെടുത്തു. മധ്യനിരയിൽ റിച്ച ഘോഷ് (14 പന്തിൽ 30), ജെമീമ റോഡ്രിഗസ് (16 പന്തിൽ 29) എന്നിവരും തിളങ്ങി. ഇന്ത്യയുടെ പ്രതീക്ഷകൾ അട്ടിമറിക്കുന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിങ്.
തുടക്കത്തിൽ തന്നെ ഓപ്പണർ വിഷ്മി ഗുണരത്നെയെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ചമരി അത്തപത്തുവും ഹർഷിത സമരവിക്രമയും ചേർന്ന് ശ്രീലങ്കയെ വിജയത്തിലേക്കു നയിച്ചു. 43 പന്തുകൾ നേരിട്ട ചമരി 61 റൺസെടുത്തു പുറത്തായി. 69 റൺസെടുത്ത ഹർഷിത പുറത്താകാതെനിന്നു. അവസാന പന്തുകളിൽ തകർത്തടിച്ച കവിഷ ദിൽഹരിയും ശ്രീലങ്കയ്ക്കായി നിർണായക പ്രകടനം നടത്തി. 16 പന്തിൽ 30 റൺസാണ് കവിഷ അടിച്ചുകൂട്ടിയത്. ഒരു മത്സരവും തോൽക്കാതെയായിരുന്നു ഇന്ത്യ ഫൈനല്‍ വരെയെത്തിയത്.