ശ്രീലങ്കയെ തളച്ച് സൂര്യയുടെ ‘വണ്ടർ ക്യാപ്റ്റൻസി’; തോറ്റെന്നുറപ്പിച്ച മത്സരത്തിൽ വൻ തിരിച്ചുവരവ്, ഒടുവിൽ സൂപ്പർ (ഓവർ) വിജയം!
Mail This Article
പല്ലെക്കലെ ∙ പ്രധാന ബോളർമാർ നിറം മങ്ങിയപ്പോൾ ആ ‘ചുമതല’ ഏറ്റെടുത്ത പാർട് ടൈം സ്പിന്നർമാരുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആവേശജയം. ഇരുടീമുകളും ഒരേ സ്കോർ നേടിയതോടെ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 137. ശ്രീലങ്ക 20 ഓവറിൽ 8ന് 137. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ തൂത്തുവാരി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എറിഞ്ഞ 20–ാം ഓവറിൽ 6 റൺസായിരുന്നു ലങ്കയ്ക്ക് ജയിക്കാൻ ആവശ്യം. എന്നാൽ 2 വിക്കറ്റ് വീഴ്ത്തിയ സൂര്യ, ഓവറിൽ വിട്ടുനൽകിയത് 5 റൺസ് മാത്രം. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. വാഷിങ്ടൻ സുന്ദർ എറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 2 റൺസ് നേടാനേ സാധിച്ചുള്ളൂ. കുശാൽ പെരേര, പാത്തും നിസങ്ക എന്നിവരെ പുറത്താക്കിയ വാഷിങ്ടൻ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ നേടി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മത്സരത്തിൽ ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയർക്കായി മുൻനിര ബാറ്റർമാരായ പാത്തും നിസങ്ക ((27 പന്തിൽ 26), കുശാൽ മെൻഡിസ് (41 പന്തിൽ 43), കുശാൽ പെരേര (34 പന്തിൽ 46) എന്നിവർ മികച്ച തുടക്കം നൽകി. ഇതോടെ മത്സരം ലങ്ക അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ പാർട് ടൈം സ്പിന്നർമാരായ റിങ്കു സിങ്, സൂര്യകുമാർ യാദവ് എന്നിവരുടെ ബലത്തിൽ ഇന്ത്യ മത്സരം തിരിച്ചുപിടിച്ചു. 19–ാം ഓവറിൽ 3 റൺസ് വഴങ്ങി റിങ്കു 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ 20–ാം ഓവറിൽ 5 റൺസ് മാത്രം വിട്ടുനൽകിയ സൂര്യ 2 ലങ്കൻ ബാറ്റർമാരെ പുറത്താക്കി. അവസാന 5 ഓവറിൽ 27 റൺസ് ചേർക്കുന്നതിനിടെ, 7 വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (9 പന്തിൽ 10) നഷ്ടമായി. മൂന്നാമനായി എത്തിയ സഞ്ജു സാംസൺ (0) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പിന്നാലെ റിങ്കു സിങ് (2 പന്തിൽ 1), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (9 പന്തിൽ 8), ശിവം ദുബെ (14 പന്തിൽ 13) എന്നിവരും മടങ്ങിയതോടെ 5ന് 48 എന്ന നിലയിലേക്ക് ഇന്ത്യ വീണു.
ആറാം വിക്കറ്റിൽ റിയാൻ പരാഗിനെ (18 പന്തിൽ 26) കൂട്ടുപിടിച്ച് ശുഭ്മൻ ഗിൽ (37 പന്തിൽ 39) നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യയെ നാണക്കേടിൽ നിന്നു രക്ഷിച്ചത്. വാലറ്റത്ത് വാഷിങ്ടൻ സുന്ദർ (18 പന്തിൽ 25) നടത്തിയ പ്രത്യാക്രമണം ടീം ടോട്ടൽ 137 എത്തിച്ചു. ശ്രീലങ്കയ്ക്കായി സ്പിന്നർ മഹീഷ് തീക്ഷണ 3 വിക്കറ്റ് വീഴ്ത്തി.