കുറഞ്ഞ തുകയെങ്കിൽ കാരണം പറയാതെ ‘മുങ്ങൽ’, ലേലത്തിന് വിലയില്ല: താരങ്ങൾക്കെതിരെ ഐപിഎൽ ടീമുകൾ
Mail This Article
മുംബൈ∙ താരലേലത്തിൽ പങ്കെടുത്ത് ടീമിന്റെ ഭാഗമായശേഷം വിദേശ താരങ്ങൾ കളിക്കാൻ വരാത്തതിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഐപിഎൽ ടീമുകൾ. ഇത്തരം താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ ഇടപെടണമെന്നാണ് ടീമുകളുടെ ആവശ്യം. ലേലത്തിൽ ടീമുകൾ വാങ്ങിയ ശേഷം അവസാന നിമിഷം ഐപിഎല്ലിൽനിന്ന് പിൻവാങ്ങുന്ന താരങ്ങൾ കാരണം ടീമിന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് ഫ്രാഞ്ചൈസികളുടെ നിലപാട്.
ചില വിദേശ താരങ്ങൾ താരലേലത്തിന് യാതൊരു വിലയും നൽകുന്നില്ലെന്ന് ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ പരാതിപ്പെട്ടു. കഴിഞ്ഞ ഐപിഎൽ സീസണില്‍ ജേസൺ റോയ്, അലക്സ് ഹെയ്‍ൽസ്, വാനിന്ദു ഹസരംഗ തുടങ്ങി നിരവധി താരങ്ങൾ കളിച്ചിരുന്നില്ല. ചെറിയ തുകയ്ക്കു ടീമുകൾ വാങ്ങിയതിനു പിന്നാലെ കൃത്യമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെയായിരുന്നു ഇവരുടെ പിൻമാറ്റമെന്നാണ് ടീമുകളുടെ പരാതി. കാര്യമായ പരുക്കോ, വ്യക്തിപരമായ പ്രശ്നങ്ങളോ ഇല്ലാതെയാണ് വിദേശതാരങ്ങൾ ഐപിഎല്ലിൽനിന്ന് പിൻവാങ്ങുന്നതെന്ന് കഴിഞ്ഞ സീസണിൽ തന്നെ ആരോപണമുയർന്നിരുന്നു.
ടൂർണമെന്റിനു തൊട്ടുമുൻപ് ‘മുങ്ങുന്ന’ ഇത്തരം താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബിസിസിഐ തയാറാകണമെന്നാണ് ടീമുകളുടെ നിലപാട്. പ്രധാനപ്പെട്ട പല വിദേശ താരങ്ങളും മെഗാ ലേലത്തിൽ പങ്കെടുക്കാതെ മിനി ലേലത്തിനായി കാത്തിരിക്കുകയാണ്. ഒരുപാടു താരങ്ങൾ പങ്കെടുക്കുന്ന മെഗാ ലേലത്തേക്കാളും മിനി ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോകാനുള്ള സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം. ഇത്തരം രീതികൾക്കു മാറ്റം വേണമെന്നും ഫ്രാഞ്ചൈസികൾ ബിസിസിഐയ്ക്കു മുന്നില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.