തോൽവിയുറപ്പിച്ച ഘട്ടത്തിൽ രാജ്യാന്തര ട്വന്റി20യിലെ ആദ്യ ഓവർ, ഗംഭീറിനും ചിരി; വിസ്മയിപ്പിച്ച് റിങ്കു, സൂര്യ– വിഡിയോ
Mail This Article
പല്ലെക്കലെ∙ ഒരുപക്ഷേ സാക്ഷാൽ ജസ്പ്രീത് ബുമ്രയ്‌ക്കു പോലും സാധ്യമാകാത്ത തരം ഒരു മാജിക് – ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യൻ താരങ്ങളായ റിങ്കു സിങ്, സൂര്യകുമാർ യാദവ് എന്നിവരുടെ ബോളിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആറു വിക്കറ്റ് കയ്യിലിരിക്കെ 12 പന്തിൽ നിന്ന് വിജയത്തിലേക്ക് ഒൻപതു റൺസ് എന്ന നിലയിൽ നിൽക്കെ ശ്രീലങ്കയെ ടൈയിൽ കുരുക്കിയ ഇരുവരുടെയും അദ്ഭുത ബോളിങ്ങിന്റെ ആവേശം ഇനിയും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല.
മുഹമ്മദ് സിറാജിനും ഖലീൽ അഹമ്മദിനും ഓരോ ഓവർ ബാക്കിനിൽക്കെയാണ് 19–ാം ഓവറിൽ റിങ്കു സിങ്ങിനെ ബോളിങ്ങിനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിളിക്കുന്നത്. ശ്രീലങ്ക വിജയത്തിന് ഒൻപതു റൺസ് മാത്രം അകലെ നിൽക്കെ, പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പരീക്ഷണമായിട്ടു മാത്രമേ ക്യാപ്റ്റനും ടീം മാനേജ്മെന്റും ഈ നീക്കത്തെ കണ്ടിട്ടുണ്ടാകൂ. റിങ്കു ആദ്യ വിക്കറ്റെടുക്കുമ്പോൾ നായകൻ സൂര്യയുടെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും മുഖത്തെ ചിരി അതിന്റെ തെളിവായിരുന്നു.
എന്നാൽ, റിങ്കു സിങ് അദ്ഭുതം കാട്ടി. ആറു പന്തിനിടെ രണ്ട് ശ്രീലങ്കൻ താരങ്ങളെ മടക്കിയയച്ച റിങ്കു വിട്ടുകൊടുത്തത് വെറും മൂന്നു റൺസ്! ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ചിരുന്ന കുശാൽ പെരേര (34 പന്തിൽ 46) ആണ് റിങ്കുവിനു മുന്നിൽ വീണുപോയ ഒരാൾ.
അവസാന ഓവറിൽ വിജയം ആറു റൺസ് അകലെ നിൽക്കെ മുഹമ്മദ് സിറാജിനെ പന്തെറിയാൻ വിളിച്ച സൂര്യ, ആ തീരുമാനം പിൻവലിച്ചാണ് സ്വയം ബോൾ ചെയ്യാൻ തീരുമാനിച്ചത്. രാജ്യാന്തര ട്വന്റി20യിൽ സൂര്യയുടെയും ആദ്യ ഓവറായിരുന്നു ഇത്. മൂന്ന് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന സിറാജിനെ മാറ്റി സ്വയം ബോൾ ചെയ്യാനെടുത്ത സൂര്യയുടെ തീരുമാനത്തിനു പിന്നിലെ ആത്മവിശ്വാസം എത്രത്തോളമായിരിക്കും?
ഈ ഓവറിൽ കാമിന്ദു മെൻഡിസ്, മഹീഷ് തീക്ഷണ എന്നിവരെ പുറത്താക്കി സൂര്യയും ഞെട്ടിച്ചതോടെയാണ് മത്സരം ടൈയിൽ അവസാനിച്ചതും സൂപ്പർ ഓവറിൽ ഇന്ത്യ വിജയം പിടിച്ചതും.