ADVERTISEMENT

പല്ലെക്കലെ∙ വേദി: പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന തോൽവിയുടെ വേദന മറന്ന് മൂന്നാം മത്സരത്തിൽ ശ്രീലങ്കൻ ടീം അനായാസ വിജയത്തിലേക്കു കുതിക്കുന്നു. തകർപ്പൻ ബോളിങ് പ്രകടനത്തിനു പിന്നാലെ മുൻനിര ബാറ്റർമാരും ഉത്തരവാദിത്തം കാട്ടിയതോടെ അവസാന അഞ്ച് ഓവറിൽ ശ്രീലങ്കയ്ക്ക് വിജയത്തിലേക്കു വേണ്ടത് 30 റൺസ് മാത്രം. കൈവശം ബാക്കിയുള്ളത് ഒൻപതു വിക്കറ്റ്. ജസ്പ്രീത് ബുമ്ര കൂടിയില്ലാത്തതിനാൽ ഇന്ത്യ ജയിക്കുമെന്ന് ഏറ്റവും കടുത്ത ഇന്ത്യൻ ആരാധകർ പോലും പ്രതീക്ഷിക്കാനിടയില്ലാത്ത സാഹചര്യം.

തോൽവി ഉറപ്പിച്ച ഈ ഘട്ടത്തിൽ നിന്ന് അസാമാന്യ മെയ്‌വഴക്കത്തോടെ തിരിച്ചടിച്ചാണ് മൂന്നാം ട്വന്റി20 മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയെടുത്ത് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഒരുപക്ഷേ, ശ്രീലങ്കയ്ക്കു മാത്രം കഴിയുന്ന രീതിയിൽ കൂട്ടത്തോടെ തകർന്നടിഞ്ഞാണ് കൈവെള്ളയിലിരുന്ന മത്സരം അവർ ഇന്ത്യയ്ക്കു മുന്നിൽ അടിയറവു വച്ചത്. 

ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 137 റൺസ് വീതമെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി സൂപ്പർ ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ മൂന്നു പന്തിനിടെ കുശാൽ പെരേര, പാത്തും നിസ്സങ്ക എന്നിവരെ പുറത്താക്കി ശ്രീലങ്കൻ സ്കോർ രണ്ടിൽ ഒതുക്കി.വിജയലക്ഷ്യമായ മൂന്നു റൺസ് ആദ്യ പന്തിൽത്തന്നെ ഇന്ത്യ മറികടന്നു. മഹീഷ് തീക്ഷണയ്ക്കെതിരെ നേരിട്ട ആദ്യ  പന്തിൽത്തന്നെ ഫോറടിച്ച് സൂര്യകുമാറാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. വാഷിങ്ടൻ സുന്ദർ മത്സരത്തിലെ താരവും മുഴുവൻ സമയ നായകനായുള്ള ആദ്യ പരമ്പരയിൽത്തന്നെ സൂര്യകുമാർ യാദവ് പരമ്പരയുടെ താരവുമായി. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനും വിജയത്തുടക്കം!

∙ ജയിക്കാൻ 30 പന്തിൽ 30 റൺസ്, പിന്നനെ സംഭവിച്ചത്?

15 ഓവർ പൂർത്തിയാകുമ്പോൾ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ഒൻപു വിക്കറ്റ് കയ്യിലിരിക്കെ അവർക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 30 പന്തിൽ 30 റൺസ്. പിന്നീട് എന്താണ് സംഭവിച്ചത് എന്നു നോക്കാം. 16–ാം ഓവറിൽ രണ്ടാം പന്തിൽ കുശാൽ മെൻഡിസിനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെയാണ് ശ്രീലങ്കയുടെ തകർച്ച തുടങ്ങുന്നത്. 41 പന്തിൽ മൂന്നു ഫോറുകൾ സഹിതം 43 റൺസെടുത്ത മെൻഡിസ് പുറത്തായതോടെ ഇന്ത്യയ്ക്ക് ശ്രീലങ്കയെ തകർക്കാനുള്ള ‘വഴി’ തുറന്നുകിട്ടി.

17–ാം ഓറിലെ 3, 4 പന്തുകളിലായി വാനിന്ദു ഹസരംഗ, ക്യാപ്റ്റൻ ചരിത് അസലങ്ക എന്നിവർ പുറത്തായപ്പോഴും ശ്രീലങ്ക അപകടം മണത്തിരിക്കാൻ സാധ്യത കുറവ്. നാലു പന്തിൽ 3 റൺസെടുത്ത ഹസരംഗയെ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ച സുന്ദർ, അടുത്ത പന്തിൽ അസലങ്കയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.

ഖലീൽ അഹമ്മദ് എറിഞ്ഞ 18–ാം ഓവറായിരുന്നു ഡെത്ത് ഓവറുകളിലെ ‘കോസ്‌റ്റ്‌ലി’ ഓവർ. വൈഡ് യോർക്കറിനുള്ള ശ്രമത്തിൽ ലൈൻ നഷ്ടമായതോടെ ‘ചറാപറാ’ വൈഡെറിഞ്ഞ ഖലീൽ ഈ ഓവറിൽ വഴങ്ങിയത് 12 റൺസ്. ഒരു ബൗണ്ടറി പോലും കൂടാതെയാണ് ഇത് എന്നോർക്കണം. ഇതോടെ അവസാന രണ്ട് ഓവറിൽ ശ്രീലങ്കയുടെ വിജയലക്ഷ്യം 9 റൺസായി കുറഞ്ഞു. കൈവശം ബാക്കി ആറു വിക്കറ്റും.

∙ വിസ്മയം റിങ്കു, സൂര്യ!

19–ാം ഓവർ ബോൾ ചെയ്ത റിങ്കു സിങ് മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെയാണ് മത്സരം അപ്രതീക്ഷിതമായി ആവേശകരമായത്. രാജ്യാന്തര ട്വന്റി20യിൽ റിങ്കു സിങ്ങിന്റെ ആദ്യ ഓവർ കൂടിയായിരുന്നു ഇത്. റിങ്കു ബോൾ ചെയ്യാനെത്തുമ്പോൾ ശ്രീലങ്കയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 12 പന്തിൽ വെറും ഒൻപതു റൺസാണ്. കൈവശമുണ്ടായിരുന്നത് ആറു വിക്കറ്റും. രണ്ടാം പന്തിൽ ലങ്കയുടെ ടോപ് സ്കോറർ കുശാൽ പെരേരയെ സ്വന്തം ബോളിങ്ങിൽ പിടികൂടിയ റിങ്കു, അവസാന പന്തിൽ രമേഷ് മെൻഡിസിനെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ചു.

ഇതോടെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് ആറു റൺസ്. കൈവശം നാലു വിക്കറ്റും. ആദ്യം ബോളിങ്ങിനായി പ്രിമിയർ ബോളർ മുഹമ്മദ് സിറാജിനെ വിളിച്ച സൂര്യകുമാർ, പിന്നീട് തീരുമാനം മാറ്റി സ്വയം ബോളിങ്ങിന് ഇറങ്ങുകയായിരുന്നു.

രണ്ടാം പന്തിൽത്തന്നെ കാമിന്ദു മെൻഡിസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് സൂര്യയും ഞെട്ടിച്ചു. മൂന്നു പന്തിൽ ഒരു റണ്ണുമായി മെൻഡിസ് മടങ്ങുമ്പോൾ സൂര്യയ്ക്ക് ആദ്യ രാജ്യാന്തര ട്വന്റി20 വിക്കറ്റിന്റെ ആഹ്ലാദം. തൊട്ടടുത്ത പന്തിൽ മഹീഷ് തീക്ഷ്ണയെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് വീണ്ടും ലങ്കയ്ക്ക് സൂര്യയുടെ ഇരുട്ടടി. അംപയർ ഔട്ട് വിളിച്ചില്ലെങ്കിലും സഞ്ജുവിന്റെ നിർദ്ദേശപ്രകാരം സൂര്യ റിവ്യൂ എടുത്തതോടെയാണ് തീക്ഷ്ണ പുറത്തായത്. അവസാന മൂന്നു പന്തുകളിൽ ശ്രീലങ്ക 1, 2, 2 എന്നിങ്ങനെ സ്കോർ ചെയ്തതോടെ മത്സരം ടൈയിൽ അവസാനിച്ചു.

∙ സൂപ്പർ ഓവറിൽ ശോകമായി ലങ്ക

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുന്നവർ സൂപ്പർ ഓവറിൽ ആദ്യം ബോൾ ചെയ്യണമെന്നാണ് നിയമമെന്നിരിക്കെ, സൂപ്പർ ഓവറിനായി ഇന്ത്യൻ നായകൻ സൂര്യകുമാർ നിയോഗിച്ചത് മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ വാഷിങ്ടൻ സുന്ദറിനെ.

ആദ്യ പന്തുതന്നെ വൈഡായത് അപകട സൂചനയായെങ്കിലും രണ്ടാം പന്തിൽ കുശാൽ മെൻഡിസിനെ സുന്ദർ സിംഗിളിൽ ഒതുക്കി. ഇതോടെ ലങ്കൻ സ്കോർ ഒരു പന്തിൽ രണ്ടു റൺസ്. അതോടെ അവരുടെ കഥ കഴിഞ്ഞ എന്നതാണ് സത്യം. രണ്ടാം പന്തിൽ കുശാൽ പെരേരയെ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ച് ഗോൾഡൻ ഡക്കാക്കിയ സുന്ദർ, അടുത്ത പന്തിൽ പാത്തും നിസ്സങ്കയെയും ഗോൾഡൻ ഡക്കാക്കി. ഇതോടെ ശ്രീലങ്ക സൂപ്പർ ഓവറിൽ വെറും രണ്ടു റൺസിന് ഓൾഔട്ട്!

മറുപടി ബാറ്റിങ്ങിന് ശുഭ്മൻ ഗില്ലിനൊപ്പം ഇറങ്ങിയത് നായകൻ സൂര്യകുമാർ. ആദ്യ പന്ത് സ്ട്രൈക്ക് ചെയ്തതും നായകൻ. മഹീഷ് തീക്ഷണയെറിഞ്ഞ ആദ്യ പന്തു തന്നെ ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറി കടത്തി സൂര്യ ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ മത്സരം തോൽക്കുന്ന ടീമെന്ന നാണക്കേടും ലങ്കയ്ക്കായി. രാജ്യാന്തര വേദിയിൽ അവരുടെ 105–ാം തോൽവിയാണിത്. ‘പിന്നിലാക്കിയത്’ 104 മത്സരം തോറ്റ ബംഗ്ലദേശിനെ.

∙ തുടക്കം തകർത്ത് ശ്രീലങ്ക, പിന്നെ തകർച്ച

ഇന്ത്യ ഉയർത്തിയ താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക്, ഓപ്പണിങ് വിക്കറ്റിലും രണ്ടാം വിക്കറ്റിലും പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടുകളാണ് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ മെൻഡിസ് – നിസ്സങ്ക സഖ്യം 53 പന്തിൽ അടിച്ചെടുത്തത് 58 റൺസ്. നിസ്സങ്കയെ രവി ബിഷ്ണോയ് മടക്കിയെങ്കിലും, രണ്ടാം വിക്കറ്റിൽ കുശാൽ പെരേരയെ കൂട്ടുപിടിച്ച് മെൻഡിസ് വീണ്ടും അർധസെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി. ഇത്തവണ 39 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 52 റൺസ്.

ഇതിനു പിന്നാലെയായിരുന്നു ശ്രീലങ്കയുടെ കൂട്ടത്തകർച്ച. സ്കോർ 110ൽ നിൽക്കെ കുശാൽ മെൻഡിസ് (41 പന്തിൽ 43) പുറത്തായതോടെയാണ് തകർച്ചയുടെ തുടക്കം. സ്കോർ 117ൽ നിൽക്കെ വാനിന്ദു ഹസരംഗ (നാലു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ചരിത് അസലങ്ക (0) എന്നിവർ കൂടാരം കയറി. നേരിയ ചെറുത്തുനിൽപ്പിനു ശേഷം 129ൽ വച്ച് കുശാൽ പെരേര (34 പന്തിൽ 46) മടങ്ങി. മൂന്നു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും രമേഷ് മെൻഡിസും (ആറു പന്തിൽ മൂന്ന്) കൂടാരം കയറി. ഇത് സ്കോറിൽ കാമിന്ദു മെൻഡിസ് (മൂന്നു പന്തിൽ ഒന്ന്), മഹീഷ് തീക്ഷണ (0) എന്നിവരെ സൂര്യകുമാർ പുറത്താക്കിയതോടെ മത്സരത്തിന് ആവേശ ടൈ, സൂപ്പർ ഓവർ.

ഇന്ത്യയ്ക്കായി റിങ്കു സിങ് ഒരു ഓവറിൽ മൂന്ന് റൺസ് വഴങ്ങിയും സൂര്യകുമാർ യാദവ് ഒരു ഓവറിൽ അഞ്ച് റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടൻ സുന്ദർ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും രവി ബിഷ്ണോയ് നാല് ഓവറിൽ 38 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും റിയാൻ പരാഗ് നാല് ഓവറിൽ വഴങ്ങിയത് 27 റൺസ് മാത്രം. 

∙ പരീക്ഷണം പാളി, എങ്കിലും പൊരുതാവുന്ന സ്കോർ

അവസരം നൽകിയ താരങ്ങളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തയതോടെയാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ആതിഥേയർക്കു മുന്നിൽ ഇന്ത്യ 137 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 137 റൺസെടുത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക്, ആറാം വിക്കറ്റിൽ 40 പന്തിൽ 54 റൺസ് അടിച്ചുകൂട്ടിയ ശുഭ്മൻ ഗിൽ – റിയാൻ പരാഗ് സഖ്യമാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്നും വാനിന്ദു ഹസരംഗ രണ്ടും വിക്കറ്റ് വീഴ്ത്തി. 

ഓപ്പണറായി ഇറങ്ങി കൂട്ടത്തകർച്ചയ്ക്കിടയിലും ഒരറ്റം കാത്തുസൂക്ഷിച്ച ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട ഗിൽ മൂന്നു ഫോറുകൾ സഹിതം 39 റൺസെടുത്ത് പുറത്തായി. റിയാൻ പരാഗ് 18 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 26 റൺസെടുത്തും പുറത്തായി. കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയ ഇരുവരെയും വാനിന്ദു ഹസരംഗ ഒരേ ഓവറിൽ പുറത്താക്കിയതാണ് ഇന്ത്യയെ കുറച്ചുകൂടി മികച്ച സ്കോറിലേക്ക് എത്തുന്നതിൽനിന്ന് തടഞ്ഞത്.

വാഷിങ്ടൻ സുന്ദർ 18 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത് ഇന്ത്യൻ ഇന്നിങ്സിന് കാര്യമായ സംഭാവന നൽകി. യശസ്വി ജയസ്വാൾ (ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10), ശിവം ദുബെ (14 പന്തിൽ 13), എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കത്തിലെത്തിയ മറ്റു ബാറ്റർമാർ. മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തി. കഴിഞ്ഞ തവണ ഗോൾഡൻ ഡക്കായ സഞ്ജു, ഈ മത്സരത്തിലും ഡക്കായി. റിങ്കു സിങ് രണ്ടു പന്തിൽ ഒരു റണ്ണെടുത്തും നിരാശപ്പെടുത്തി. സൂര്യകുമാർ യാദവ് ഒൻപതു പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്തു. വാലറ്റത്ത് രവി ബിഷ്ണോയ് ഏഴു പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജ് ഇന്നിങ്സിലെ അവസാന പന്ത് നേരിട്ട് റണ്ണൗട്ടായി.

ശ്രീലങ്കൻ നിരയിൽ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണ, നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. ചാമിന്ദു വിക്രമസിംഗെ നാല് ഓവറിൽ 17 റൺസ് വഴങ്ങിയും അസിത ഫെർണാണ്ടോ രണ്ട് ഓവറിൽ 11 റൺസ് വഴങ്ങിയും രമേഷ് മെൻഡിസ് മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Sri Lanka vs India, 3rd T20I - Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com