മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അന്‍ഷുമാൻ ഗെയ്ക്‌വാദ് അന്തരിച്ചു
Mail This Article
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്‌വാദ് അന്തരിച്ചു. കാൻസർ ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 15 ഏകദിന മത്സരങ്ങളും കളിച്ച അൻഷുമാൻ വിരമിച്ചതിനു ശേഷം പരിശീലകനായും ദേശീയ ടീമിന്റെ സിലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 71 വയസ്സായിരുന്നു പ്രായം.
ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിലെ കാൻസർ ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപാണു നാട്ടിലേക്കു മടങ്ങിയത്. അൻഷുമാൻ ഗെയ്ക്‌വാദിന്റെ ചികിത്സയ്ക്കായി ബിസിസിഐ ഒരു കോടി രൂപ സഹായം നല്‍കിയിരുന്നു. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗങ്ങളും താരത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.
22 വർഷത്തെ ഫസ്റ്റ് ക്ലാസ് കരിയറിൽ 205 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 1999ൽ ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ അനിൽ കുംബ്ലെ പാക്കിസ്ഥാനെതിരെ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് നേടിയപ്പോൾ അൻഷുമാൻ ഗെയ്ക്‌വാദായിരുന്നു ഇന്ത്യൻ കോച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിസിസിഐ സെക്രട്ടറി ജയ് ഷാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.