പാക്കിസ്ഥാനു വേണ്ടി കളിക്കാൻ നിർദേശം, മറുപടി നൽകി സിംബാബ്‍വെ താരം സിക്കന്ദർ റാസ
Mail This Article
ഹരാരെ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുമോയെന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയുമായി സിംബാബ്‍വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ. സമൂഹമാധ്യമത്തിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ചോദ്യം സിംബാബ്‍വെ ക്യാപ്റ്റനു നേരിടേണ്ടി വന്നത്. ‘‘പാക്കിസ്ഥാനു വേണ്ടി കളിക്കുന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ? അവരുടെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് അങ്ങനെയെങ്കിൽ പരിഹാരമാകും.’’– എന്നായിരുന്നു ഒരു ആരാധകന്റെ ഉപദേശം. പാക്കിസ്ഥാനിലാണു ജനിച്ചതെങ്കിലും ഒരു ക്രിക്കറ്റ് താരമായി വളർന്നുവന്നത് സിംബാബ്‍വെയുടെ ഫലമാണെന്നായിരുന്നു റാസയുടെ പ്രതികരണം.
‘‘ഞാൻ ക്രിക്കറ്റ് കളിക്കുന്നതു സിംബാബ്‍വെയ്ക്കു വേണ്ടി മാത്രമായിരിക്കും. ഞാൻ പാക്കിസ്ഥാനിലാണു ജനിച്ചത്. പക്ഷേ എനിക്കുവേണ്ടി ഒരുപാടു പണവും സമയവും നൽകിയത് സിംബാബ്‍വെ ക്രിക്കറ്റാണ്. അവരുടെ വിശ്വാസത്തിനു മറുപടി നൽകാനാണ് ഇപ്പോൾ ഞാന്‍ ശ്രമിക്കുന്നത്. എന്തൊക്കെ ചെയ്താലും അതു മതിയാകുമെന്നു തോന്നുന്നില്ല. ഞാൻ സിംബാബ്‍വെയുടേതാണ്.’’– സിക്കന്ദർ റാസ പ്രതികരിച്ചു.
പാക്കിസ്ഥാനിലെ സിയാൽകോട്ടിലാണ് സിക്കന്ദർ റാസ ജനിച്ചത്. 38 വയസ്സുകാരനായ താരം സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഐപിഎൽ ഉൾപ്പടെയുള്ള ട്വന്റി20 ലീഗുകളിലും ഓൾറൗണ്ടറായി തിളങ്ങി. 2013ലാണ് സിക്കന്ദർ റാസ സിംബാബ്‍വെയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. 17 ടെസ്റ്റ്, 142 ഏകദിനം, 91 ട്വന്റി20 മത്സരങ്ങളിൽ സിംബാബ്‍വെ ടീമിന്റെ ഭാഗമായി. ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ സിംബാബ്‍വെ അട്ടിമറി വിജയം നേടിയിരുന്നു.